നാല് വര്‍ഷത്തിനിടെ മോദി സന്ദര്‍ശിച്ചത് 52 രാജ്യങ്ങള്‍, ചിലവഴിച്ചത് 355 കോടി: ഏറ്റവും കുറഞ്ഞ ചിലവിലുള്ള യാത്ര 2.45 കോടി രൂപയ്ക്ക്

June 29, 2018 0 By Editor

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി അധികാരമേറ്റ് നാല് വര്‍ഷങ്ങള്‍ക്കിടെ നരേന്ദ്രമോഡി സന്ദര്‍ശിച്ചത് 52 രാജ്യങ്ങള്‍. 41 യാത്രകളാണ് 48 മാസങ്ങള്‍ക്കിടെ മോഡി നടത്തിയത്. ഇതിനായി ചെലവഴിച്ചിരിക്കുന്നത് 355 കോടി രൂപയും. അതായത് 165 ദിവസങ്ങളില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിലായിരുന്നു എന്ന് വ്യക്തം. ബെംഗളൂരുവിലെ വിവരാവകാശ പ്രവര്‍ത്തകനായ ഭീമപ്പ ഗദാദിന് ലഭിച്ച വിവരാവകാശ രേഖയിലാണ് പ്രധാനമന്ത്രിയുടെ യാത്രകള്‍ സംബന്ധിച്ചും അതിന്റെചെലവുകള്‍ സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ പുറത്തുവന്നത്.

ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ നടത്തിയ ത്രിരാഷ്ട്ര യാത്രയാണ് ഏറ്റവും ചെലവേറിയത്. ഒമ്ബത് ദിവസങ്ങളായിരുന്നു മോഡി ഈ യാത്രയ്ക്കായി ചെലവഴിച്ചത്. 31.25 കോടി രൂപയാണ് ഈ യാത്രയ്ക്ക് മാത്രം ചെലവാക്കിയത്. യാത്രകളില്‍ ഏറ്റവും ചെലവ് കുറഞ്ഞത് പ്രധാനമന്ത്രിയായ ശേഷം ആദ്യം നടത്തിയ ഭൂട്ടാന്‍ സന്ദര്‍ശനത്തിനാണ് 2.45 കോടി രൂപയായിരുന്നു ഈ യാത്രയുടെ ചെലവ്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്സൈറ്റിലും അദ്ദേഹത്തിന്റെ യാത്രകള്‍ സംബന്ധിച്ച വിവരങ്ങളുണ്ട്. സന്ദര്‍ശിച്ച രാജ്യങ്ങള്‍, സന്ദര്‍ശന ദിവസങ്ങള്‍, വിമാന യാത്രക്കായി ചിലവായ തുക എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ അവസാനം നടത്തിയ 12 യാത്രകളുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.

വിദേശയാത്രകളുടെ മാത്രം ചെലവാണ് പുറത്തുവന്നിട്ടുള്ളത്. മോഡിയുടെ ഇന്ത്യയ്ക്ക് അകത്തെ യാത്രകള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കുമായി ചെലവാക്കിയ തുക ആവശ്യപ്പെട്ടിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ലഭ്യമാക്കിയിട്ടില്ലെന്ന് ഭീമപ്പ പറഞ്ഞു. ഇത്തരം യാത്രകളിലൂടെ രാജ്യത്തിന് എന്ത് പ്രയോജനമാണ് ലഭിച്ചതെന്ന വിവരം കൂടി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു.