അടുത്ത 24 മണിക്കൂര്‍ മഴ പ്രതീക്ഷിക്കണം, ചിലയിടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത- റവന്യൂ മന്ത്രി

അടുത്ത 24 മണിക്കൂര്‍ മഴ പ്രതീക്ഷിക്കണം, ചിലയിടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത- റവന്യൂ മന്ത്രി

July 6, 2023 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറും തുടര്‍ച്ചയായ മഴ പ്രതീക്ഷിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. വ്യാപകമായ മഴയെക്കാള്‍ ചില പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ അണക്കെട്ടുകളെ സംബന്ധിച്ച ഭീതിയുടെ ആവശ്യമില്ല. അണക്കെട്ടുകളില്‍ അമിതമായി വെള്ളമില്ല. ഭൂചലനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അവയൊന്നും ഗുരുതരമാണെന്ന് ബോധ്യപ്പെട്ടിട്ടില്ല. തൃശ്ശൂര്‍ ജില്ലയിലുണ്ടായ സംഭവങ്ങള്‍ പരിശോധിച്ചുവെങ്കിലും റിക്ടര്‍ സ്‌കെയിലില്‍ മൂന്നിന് മുകളിലേക്ക് പോയിട്ടില്ല. ഭയക്കേണ്ടതില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

മലയോര മേഖലയിലെ മഴ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ടതാണ്. മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യം ഉണ്ടായതുകൊണ്ടല്ല. വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ്. അതുകൊണ്ട് അക്കാര്യത്തില്‍ ജനങ്ങള്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും റെവന്യൂമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇടുക്കി, കണ്ണൂര്‍, വയനാട്, കോട്ടയം ജില്ലകളില്‍ മലയോര പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. അനാവശ്യമായി വെള്ളത്തിലിറങ്ങുക, മീന്‍ പിടിക്കാന്‍ പോകുക, ഒഴുകുന്ന പുഴ മറികടക്കാന്‍ ശ്രമിക്കുക എന്നിവയില്‍നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുനില്‍ക്കണം. പോലീസ് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ഏഴ് ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേന എത്തിയിട്ടുണ്ട്. കേന്ദ്ര സേനകളെ ആവശ്യാനുസരണം ഏത് മേഖലകളിലും എത്തിക്കാന്‍ കഴിയും. നാലരലക്ഷം പേരെ താമസിപ്പിക്കാന്‍ തക്കവിധത്തിലുള്ള ക്യാമ്പുകള്‍ തയ്യാറാക്കാന്‍ സംസ്ഥാനം സജ്ജമാണ്. 91 ക്യാമ്പുകളില്‍ 2096 പേര്‍. 651 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.