ദേശീയപതാകയിൽ നിന്നും പ്രേരണ; നിറം മാത്രമല്ല, അടിമുടി മാറ്റവുമായി വന്ദേഭാരത് എക്‌സ്പ്രസ് എത്തുന്നു
ചെന്നൈ;വന്ദേഭാരത് ട്രെയിനുകളുടെ നിറം മാറ്റുൂന്നത് ദേശീയ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നിറം മാറ്റത്തിനോപ്പം തന്നെ 25 പുതിയ സൗകര്യങ്ങളും വന്ദേഭാരതിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
സീറ്റുകൾ കൂടുതൽ പിന്നിലേക്ക് ചായ്ക്കാനുള്ള സൗകര്യം, കൂടുതൽ പതുപതുത്ത സീറ്റുകൾ, സീറ്റുകളോട് ചേർന്ന് കാലുകൾ കൂടുതൽ നിവർത്തിവയ്ക്കാനുള്ള സൗകര്യം. മെച്ചപ്പെട്ട മൊബൈൽ ചാർജിംഗ് പോയിന്റുകൾ, വെള്ളം തെറിക്കുന്നത് ഒഴിവാക്കാൻ ആഴം കൂടിയ വാഷ്ബേസിൻ, ടോയ്ലറ്റുകളിൽ മികച്ച വെളിച്ചം, വീൽചെയറുകൾക്ക് ഫിക്സിംഗ് പോയിന്റുകൾ, എളുപ്പത്തിൽ ഉപയോഗിക്കുന്നതിന് റെസിസ്റ്റീവ് ടച്ചിൽ നിന്ന് കപ്പാസിറ്റീവ് ടച്ചിലേക്ക് റീഡിംഗ് ലാമ്പിന്റെ മാറ്റം , മെച്ചപ്പെട്ട റോളർ ബ്ലൈൻഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഏർപ്പെടുത്തുന്നത്. ചെന്നൈയിലെ ഇന്റിഗ്രൽ കോച്ച് ഫാക്ടറിയിലെ പരിശോധനക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണം പൂർത്തിയായി. 28-ാംമത്തെ ട്രെയിനിലായിരിക്കും പുതിയ നിറം പരീക്ഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മേയ്ക്ക് ഇൻ ഇന്ത്യ എന്ന പദ്ധതിക്ക് കീഴിലാണ് പുതിയ മാറ്റങ്ങൾ രൂപകൽപ്പന ചെയ്യുന്നത്. എല്ലാ വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളിലും ആന്റി ക്ലൈമ്പേഴ്സ് എന്ന പുതിയ സുരക്ഷ സംവിധാനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കുറച്ച് കളർ കോമ്പിനേഷനുകൾ പരീക്ഷിച്ചു, ഓറഞ്ച്- ഗ്രേ കോമ്പിനേഷൻ കൂടുതൽ അനുയോജ്യമാണെന്ന് കണ്ടെത്തിയെന്ന് ഐസിഎഫ് അറിയിച്ചു. നിലവിലുള്ള നീല, വെള്ള നിറത്തിലുള്ള ട്രെയിനുകൾ വൃത്തിയാക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗോരഖ്പുർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഗോരഖ്പുർ- ലഖ്നൗ, ജോദ്പുർ-സബർമതി എന്നീ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചിരുന്നു. 2019ലാണ് ന്യൂ ഡൽഹി മുതൽ വാരണാസി വരെയുള്ള ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. 52 സെക്കൻഡിൽ 100 കി.മി വേഗം കൈവരിക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിന് സാധിക്കും.