മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദർശനത്തിനെത്തിയ മന്ത്രിമാർക്കുനേരെ നാട്ടുകാരുടെ വന്‍പ്രതിഷേധം; ‘ഷോ കാണിക്കരുതെ’ന്ന് മന്ത്രിമാർ

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദർശനത്തിനെത്തിയ മന്ത്രിമാർക്കുനേരെ നാട്ടുകാരുടെ വന്‍പ്രതിഷേധം; ‘ഷോ കാണിക്കരുതെ’ന്ന് മന്ത്രിമാർ

July 10, 2023 0 By Editor

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദർശനത്തിനെത്തിയ മന്ത്രിമാർക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ,ആന്റണി രാജു എന്നിവർക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. രാവിലെ മത്സ്യബന്ധനത്തിനുപോയ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തനം വൈകുന്നു എന്നാരോപിച്ചാണ് മന്ത്രിമാരെ തടയാൻ ശ്രമിച്ചത്. പ്രതിഷേധത്തെ തുടർന്ന് മന്ത്രിമാർ സ്ഥലത്തുനിന്ന് മടങ്ങി.

കഴി‍ഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടെ അപകടം സ്ഥിരമായിരുന്നു. അടുത്ത വർഷമെങ്കിലും മരണം ഇല്ലാതാകുമോ എന്ന് തൊഴിലാളികൾ. നിരന്തരം അപകടം നടക്കുന്ന പ്രദേശമായെങ്കിലും അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ എന്തുകൊണ്ടാണ് ഒരുക്കാത്തതെന്നും നാട്ടുകാർ ചോദിച്ചു. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് സർക്കാർ സംവിധാനങ്ങൾ സ്ഥലത്ത് എത്തിയത്. പ്രതിഷേധിച്ചവരോടെ ഷോ വേണ്ടെന്ന് മന്ത്രിമാർ പറഞ്ഞെന്നും ആക്ഷേപമുണ്ട്. ഇതേ തുടർന്ന് പ്രതിഷേധം ശക്തമായി. തുടർന്ന് മന്ത്രിമാർ മടങ്ങി.

സ്ഥലം സന്ദർശിച്ച മന്ത്രിമാരെ തടയാൻ ഫാദർ യുജീൻ പേരേര ആഹ്വാനം ചെയ്തെന്നും ആഹ്വാനം അനുസരിക്കാതെ നാട്ടുകാർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായെന്നും മന്ത്രി വി.ശിവൻകുട്ടി വാർത്താക്കുറിപ്പില്‍ പറഞ്ഞു. ഇന്ന് വെളുപ്പിനാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. അതിരാവിലെതന്നെ ജില്ലാ ഭരണകൂടം തിരച്ചിലിനു വേണ്ട ക്രമീകരണങ്ങൾ നടത്തി. ഡോണിയർ വിമാനം, ഹെലികോപ്റ്റർ എന്നിവയടക്കമുള്ളവയുടെ സഹായത്തോടെ കോസ്റ്റ് ഗാർഡ്, ലോക്കൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് തുടങ്ങിയ ഏജൻസികൾ തിരച്ചിൽ രാവിലെ തന്നെ ആരംഭിച്ചു.

ജില്ലാ അദാലത്ത് വെട്ടിച്ചുരുക്കി മന്ത്രിമാരും ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി. മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളത് മന്ത്രിമാർ സശ്രദ്ധം കേട്ടു. സ്കൂബാ ഡൈവേഴ്സിന്റെ സേവനം മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ലഭ്യമാക്കി. ഇതിനുശേഷം മരിച്ച മത്സ്യത്തൊഴിലാളി കുഞ്ഞുമോന്റെ മൃതദേഹത്തിൽ മന്ത്രിമാർ ആദരാഞ്ജലി അർപ്പിച്ചു. കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. മന്ത്രിമാർ തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് ബിഷപ്പ് തോമസ് നെറ്റോയും ഫാദർ യുജീൻ പേരേരയും സംഭവസ്ഥലത്ത് എത്തുന്നത്. സ്ഥലത്തെത്തിയ ഉടൻ ഫാദർ യുജീൻ പെരേര മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്യുകയായിരുന്നു. നാട്ടുകാർ സംയമനം പാലിച്ചതിനെ തുടർന്ന് സംഘർഷം ഉണ്ടായില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

വി.ജോയി എംഎൽഎ, ജില്ലാ കലക്ടർ ജെറോമിക് ജോർജ് ഐഎഎസ് തുടങ്ങിയവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു. തുടർന്നുള്ള നടപടികൾ ഏകോപിപ്പിക്കാൻ മന്ത്രിമാരുടെ നിർദ്ദേശപ്രകാരം ജില്ലാ കലക്ടർ ആർ ഡിഒയെ ചുമതലപ്പെടുത്തി. അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ്. നിരവധിപേരാണ് അപകടങ്ങളിൽ മരിച്ചത്. അശാസ്ത്രീയമായ പുലിമുട്ട് നിർമാണമാണ് അപകടത്തിനു കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.