കൈവെട്ട് കേസ്: സജലും നാസറുമടക്കം 6 പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി

കൈവെട്ട് കേസ്: സജലും നാസറുമടക്കം 6 പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി

July 12, 2023 0 By Editor

കൊച്ചി :തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസർ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ കൊച്ചി പ്രത്യേക എന്‍ഐഎ കോടതി രണ്ടാംഘട്ട വിധി പ്രസ്താവിച്ചു. 6 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി; 5 പ്രതികളെ വെറുതെ വിട്ടു. പ്രതികളായ സജൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. ഷഫീഖ്, അസീസ്, സുബൈർ, മുഹമ്മദ്‌ റാഫി, മൻസൂർ എന്നിവരെ വെറുതെവിട്ടു. കുറ്റക്കാർക്കുള്ള ശിക്ഷ വ്യാഴാഴ്ച വൈകിട്ട് മൂന്നിനു പ്രസ്താവിക്കും.

2010 ജൂലൈ 4നാണു പ്രതികൾ സംഘം ചേർന്ന് അധ്യാപകന്റെ കൈവെട്ടിയത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൃത്യമാണെന്നാണു എൻഐഎയുടെ കണ്ടെത്തൽ. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞെന്നു വ്യക്തമാക്കിയ കോടതി, ഗൂഢാലോചന, ആയുധം കൈവശം വയ്ക്കൽ, ഒളിവിൽ പോകൽ, ആയുധം കൊണ്ട് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ തെളിഞ്ഞതായി ചൂണ്ടിക്കാട്ടി. കൃത്യത്തിൽ നേരിട്ടു പങ്കെടുത്തയാളാണു സജൽ. സംഭവത്തിന്റെ മുഖ്യസൂത്രധാരനാണ് നാസർ.

ആലുവ സ്വദേശിയും പോപ്പുലർഫ്രണ്ട് നേതാവുമാണ് നാസർ. ആദ്യഘട്ടത്തിൽ 37 പ്രതികളെ വിസ്തരിച്ച കോടതി 11 പേർ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയാക്കിയത്. തൊടുപുഴ ന്യൂമാൻ കോളജിലെ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയ്ക്കു തയാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചകനിന്ദ ആരോപിച്ചാണ് പ്രതികൾ ടി.ജെ.ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയത് എന്നാണു കേസ്.