ഖുറാൻ കത്തിക്കൽ; സ്വീഡന്റെയും ഡെന്മാർക്കിന്റെയും ഉത്പന്നങ്ങൾ മുസ്ലീം രാജ്യങ്ങൾ ബഹിഷ്കരിക്കണമെന്ന് ഇറാൻ
ഖുറാൻ കത്തിക്കൽ ഒരു കുറ്റകൃത്യമല്ലെന്ന് ആവർത്തിച്ച് ഡാനിഷ് വിദേശകാര്യ മന്ത്രാലയം രംഗത്ത്
ടെഹ്രാൻ: ഖുറാൻ കത്തിച്ചതിൽ പ്രതിഷേധിച്ച് സ്വീഡന്റെയും ഡെന്മാർക്കിന്റെയും ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം നൽകി ഇറാനിയൻ സർക്കാർ. സ്വീഡനിലും ഡെന്മാർക്കിലും ഖുറാൻ കത്തിക്കാൻ അനുവദിക്കുന്നതിനെതിരെ മുസ്ലീം രാജ്യങ്ങൾ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്ന് ഇറാനിയൻ സാമ്പത്തിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ മൊഹ്സിൻ റെസായ് നിർദേശം നൽകി.
ഖുറാൻ കത്തിക്കുന്നത് ഇസ്ലാമിനെ അവഹേളിക്കലാണ്. ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളിലെ സ്ഥാനപതികളെ പുറത്താക്കണമെന്നും നയതന്ത്ര ബന്ധം വിച്ഛേദിക്കണമെന്നും റെസായ് മുസ്ലീം രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
സ്വീഡിഷ് പോലീസിന്റെയും അധികൃതരുടെയും അനുമതിയോടെ കഴിഞ്ഞയാഴ്ചയാണ് സ്വീഡനിൽ രണ്ടാമത്തെ ഖുറാൻ കത്തിക്കൽ സംഭവം നടന്നത്. ജൂലൈ 21ന് കോപ്പൻഹേഗനിലെ ഇറാനിയൻ എംബസിക്ക് മുന്നിൽ ഒരാൾ ഖുറാന്റെ പകർപ്പ് കത്തിച്ചതിനാണ് ഇറാൻ ഡെന്മാർക്കിനെതിരെ തിരിഞ്ഞിരിക്കുന്നത്.
അതേസമയം ഖുറാൻ കത്തിക്കൽ ഒരു കുറ്റകൃത്യമല്ലെന്ന് ആവർത്തിച്ച് ഡാനിഷ് വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നു. അഭിപ്രായ സ്വാതന്ത്ര്യം മാനിക്കപ്പെടേണ്ടതാണ്. എന്നാൽ അത് സമാധാനത്തെ ഹനിക്കുന്ന തരത്തിലായിരിക്കരുത് എന്ന് ഡെന്മാർക്ക് പ്രസ്താവനയിലൂടെ അറിയിച്ചു.
ഇതിനിടെ ഡെൻമാർക്കിലെ ഇറാഖ് എംബസിക്ക് മുന്നിൽ ത്രീവ്ര വലതുപക്ഷക്കാർ ഖുർആനും ഇറാഖ് പതാകയും കത്തിച്ചതിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ ബാഗ്ദാദിലെ ഗ്രീൻ സോണിലേക്ക് ഇരച്ചുകയറി. ഡാനിഷ് എംബസിക്ക് മുന്നിൽ സമരക്കാർ തമ്പടിച്ചു. സ്വീഡനിൽ കഴിഞ്ഞ ദിവസം ഖുർആൻ കത്തിക്കപ്പെട്ടതിനെ തുടർന്ന് സ്വീഡിഷ് എംബസിക്ക് മുന്നിലും പ്രതിഷേധം നടന്നിരുന്നു.