സോണിയയ്ക്ക് രാഹുലിനെ പ്രധാനമന്ത്രിയാക്കണം, സ്റ്റാലിന് ഉദയനിധിയെ മുഖ്യമന്ത്രിയാക്കണം; പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തെ  രൂക്ഷമായി വിമർശിച്ച് അമിത് ഷാ

സോണിയയ്ക്ക് രാഹുലിനെ പ്രധാനമന്ത്രിയാക്കണം, സ്റ്റാലിന് ഉദയനിധിയെ മുഖ്യമന്ത്രിയാക്കണം; പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ

July 29, 2023 0 By Editor

ചെന്നൈ : പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡ്യയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിൽ ഒരു പാർട്ടിക്ക് പോലും രാജ്യം ഉന്നതിയിൽ എത്തണം എന്ന ചിന്തയില്ല. പേര് മാറ്റിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും ജനങ്ങൾ 2ജി സപെക്ട്രം അഴിമതിയും, കോമൺവെൽത്ത് ഗെയിംസ് അഴിമതിയും കൽക്കരി കുംഭകോണവും മാത്രമേ ഓർമ്മിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

”സോണിയ ഗാന്ധിക്ക് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് ആഗ്രഹം, എംകെ സ്റ്റാലിന് ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കണം, തേജസ്വിയെ മുഖ്യമന്ത്രിയാക്കാൻ ലാലു പ്രസാദ് യാദവ് ആഗ്രഹിക്കുന്നു, മമത ബാനർജിക്ക് തന്റെ മരുമകനെ മുഖ്യമന്ത്രിയാക്കണം, ഉദ്ധവ് താക്കറെ ആണെങ്കിൽ സ്വന്തം മകനെ മുഖ്യമന്ത്രിയാക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവും പകലും രാജ്യത്തിന് വേണ്ടി കഷ്ടപ്പെടുകയാണ്” അമിത് ഷാ പറഞ്ഞു.

ഡിഎംകെ സർക്കാരിനെ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരെന്നും മാഫിയ സർക്കാരെന്നും വിശേഷിപ്പിച്ച അമിത് ഷാ, സെന്തിൽ ബാലാജി മന്ത്രിസഭയിൽ തുടരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. ”സെന്തിൽ ബാലാജിയെ രാജി വെപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല, കാരണം അങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ എല്ലാ രഹസ്യങ്ങളും പുറത്തുവരും” അദ്ദേഹം പറഞ്ഞു.

നമ്മുടെ നേതാവ് കെ അണ്ണാമലൈ ഒരു ട്വീറ്റ് ചെയ്‌തോടെ കോടിക്കണക്കിന് രൂപയുടെ അഴിമതികളാണ് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കപ്പെട്ടത്. അണ്ണാമലൈയുടെ ഒരു ട്വീറ്റ് കൊണ്ട് ഇത് സംഭവിച്ചാൽ, അദ്ദേഹത്തിന്റെ അടുത്ത നീക്കങ്ങളിൽ എന്തെല്ലാമാകും സംഭവിക്കുക എന്ന് അമിത് ഷാ ചോദിച്ചു.

ഇത് അനധികൃത വൈൻ മാഫിയയുടെയും മണൽ മാഫിയയുടെയും വൈദ്യുതി ഉൽപാദന കുംഭകോണത്തിന്റെയും സർക്കാരാണ്. ഇത് പാവപ്പെട്ടവർക്കെതിരായ സർക്കാരാണ്. അഞ്ഞൂറിലധികം വാഗ്ദാനങ്ങളാണ് സ്റ്റാലിൻ നൽകിയത്. അവ നിറവേറ്റുന്നതിന് പകരം അദ്ദേഹം സംസ്ഥാനത്തെ മദ്യത്തിലും കഞ്ചാവിലും മയക്കുമരുന്നിലും മുക്കിയിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.