വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി മനുഷ്യരെ മാറ്റണം; ഗ്രാമം ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്‌

വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി മനുഷ്യരെ മാറ്റണം; ഗ്രാമം ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്‌

August 16, 2023 0 By Editor

ചെന്നൈ: വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി മനുഷ്യരെ മാറ്റിപ്പാർപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാന അതിർത്തിയോട് ചേർന്ന് മുതുമല വനത്തിന്റെ കിഴക്കേ അതിർത്തിയിലുള്ള തെങ്കുമരാട ഗ്രാമം മുഴുവൻ ഒരു മാസത്തിനുള്ളിൽ ഒഴിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

1948ൽ കൃഷിക്കായി പൊതുജനങ്ങൾക്ക് പാട്ടത്തിന് നൽകിയ പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം വർധിച്ച സാഹചര്യത്തിൽ വനം വകുപ്പിന്റെ ഹർജിയിലാണ് ഉത്തരവ്. ഗ്രാമവാസികൾക്ക് നഷ്ടപരിഹാരം നൽകാനും നിർദേശിച്ചിട്ടുണ്ട്. ഭയം കൂടാതെ ജീവിക്കാൻ മൃഗങ്ങൾക്ക് അവകാശമുണ്ടെന്നും വനം,വന്യമൃഗ സംരക്ഷണം എന്നിവ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു.

വനഭൂമി തിരിച്ചുപിടിക്കണമെന്നു കോയമ്പത്തൂർ ഫോറസ്റ്റ് കൺസർവേറ്റർ 2011ൽ ശുപാർശ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ, പ്രദേശത്തെ 497 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. തുടർന്ന്, ഒരു കുടുംബത്തിന് 15 ലക്ഷം രൂപ നിരക്കിൽ പുനരധിവാസത്തിന് 74.55 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ ദേശീയ കടുവ സംരക്ഷണ കമ്മിഷന് കത്തയച്ചിരുന്നു.

എന്നാൽ, സാങ്കേതിക കാരണം പറഞ്ഞ് ഫണ്ട് അനുവദിച്ചില്ല. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എൻ.സതീഷ്കുമാർ, ഡി.ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ചാണ് വനമേഖല വീണ്ടെടുക്കുന്നതിന് ഫണ്ട് അനുവദിക്കേണ്ടത് കേന്ദ്രസർക്കാരിന്റെ ചുമതലയാണെന്നും അടിയന്തരമായി അനുവദിക്കണമെന്നും ഉത്തരവിട്ടത്. തുക ഉപയോഗിച്ച് 497 കുടുംബങ്ങൾക്കും 4 ആഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം നൽകാനും അവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർക്ക് നിർദേശവും നൽകി. കോടതി ഉത്തരവ് നടപ്പാക്കിയതു സംബന്ധിച്ച റിപ്പോർട്ട് ഒക്ടോബർ 10ന് നൽകാനും നിർദേശിച്ചു.