ഇടുക്കിയില്‍ അഞ്ചേകാല്‍ കിലോ കഞ്ചാവുമായി യുവാവ്‌ അറസ്‌റ്റില്‍

ഇടുക്കിയില്‍ അഞ്ചേകാല്‍ കിലോ കഞ്ചാവുമായി യുവാവ്‌ അറസ്‌റ്റില്‍

August 21, 2023 0 By Editor

അടിമാലി: ഇടുക്കിയില്‍ അഞ്ചേകാല്‍ കിലോ കഞ്ചാവുമായി യുവാവ്‌ അറസ്‌റ്റില്‍. ഉടുമ്പഞ്ചോല ബൈസണ്‍വാലി വില്ലേജില്‍ ഇരുപതേക്കര്‍ കുളക്കാച്ചിവയലില്‍ മഹേഷ്‌ മണി (21) യെയാണ്‌ എക്‌സൈസ്‌ സംഘം പിടികൂടിയത്‌. അടിമാലിക്കു സമീപം ഇരുമ്പുപാലം പടിക്കപ്പിലാണു സംഭവം.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ അടിമാലി റേഞ്ച്‌ എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയില്‍ 5.295 കിലോഗ്രാം ഉണക്ക കഞ്ചാവുമായാണ്‌ ഇയാള്‍ പിടിയിലായത്‌. ഇരുമ്പുപാലം മേഖലയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നതായി ലഭിച്ച പരാതികളെ തുടര്‍ന്ന്‌ തുടര്‍ച്ചയായി നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ്‌ പ്രതിയെ സാഹസികമായി എക്‌സൈസ്‌ സംഘം കീഴ്‌പ്പെടുത്തിയത്‌.

മണം പുറത്തുവരാത്ത രീതിയില്‍ പ്ലാസ്‌റ്റിക്ക്‌ ടേപ്പുകള്‍ കൊണ്ട്‌ സീല്‍ ചെയ്‌ത്‌ ട്രെയിന്‍ മാര്‍ഗം ആന്ധ്രപ്രദേശില്‍ നിന്നെത്തിച്ചതായിരുന്നു കഞ്ചാവ്‌. വില്‍പ്പനക്കായി കൊണ്ടുവരുന്നതിനിടയിലാണ്‌ പ്രതി അറസ്‌റ്റിലായത്‌.

ആന്ധ്രപ്രദേശില്‍ പോയി കഞ്ചാവ്‌ കൊണ്ടുവന്നു സൂക്ഷിച്ച്‌ കേരളത്തിലെ വിവിധ ജില്ലകളിലെത്തിച്ച്‌ വില്‍പ്പന നടത്തുന്ന കണ്ണിയില്‍ പെട്ടയാളാണെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഇയാളുമായി ബന്ധമുള്ളവരെക്കുറിച്ച്‌ എക്‌സൈസ്‌ സംഘം ഊര്‍ജിതമായ അനേ്വഷണം നടത്തി വരികയാണ്‌. മുപ്പതിനായിരം രൂപയ്‌ക്കാണ്‌ ഒരു കിലോ കഞ്ചാവ്‌ പ്രതി കേരളത്തിലെത്തിച്ച്‌ വില്‍പ്പന നടത്തിയിരുന്നത്‌. മുന്‍പ്‌ സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന്‌ വെട്ടുകേസിലടക്കം ക്രിമിനല്‍ കേസുകളില്‍ പെട്ട്‌ ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്‌.

അടിമാലി റേഞ്ച്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ എ. കുഞ്ഞുമോന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡില്‍ പ്രിവന്റീവ്‌ ഓഫീസര്‍മാരായ കെ.വി സുകു ,റോയിച്ചന്‍ കെ.പി, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ മീരാന്‍ കെ എസ്‌, രാഹുല്‍ കെ രാജ്‌, മൈതീന്‍ ,രഞ്‌ജിത്ത്‌ കവി ദാസ്‌ , ശരത്ത്‌ എസ്‌ പി എന്നിവരാണ്‌ പങ്കെടുത്തത്‌. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.