ഇ.ഡി റെയ്ഡ് ഇന്ന് പുലർച്ചെയോടെ അവസാനിച്ചു; എ.സി. മൊയ്തീന്‍റെ മൊഴിയെടുത്തേക്കും
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീന്‍റെ വീട്ടിലെ ഇ.ഡി റെയ്ഡ് അവസാനിച്ചു. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് റെയ്ഡ് അവസാനിച്ചത്.
അതേസമയം, എ.സി. മൊയ്തീന്‍റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയേക്കും. വടക്കാഞ്ചേരിയിലെ മൊയ്തീന്‍റെ വീട്ടിലടക്കം നടത്തിയ പരിശോധനക്ക് പിറകെയാണ് തുടർനടപടികൾ ആലോചിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ലഭ്യമായ തെളിവുകളിൽ വ്യക്തത വരുത്തും. വായ്പയെടുത്തവർ മുൻ മന്ത്രിയുമായി അടുത്ത ബന്ധമുള്ളവരാണെന്ന വിവരമാണ് ഇ.ഡിക്ക് ലഭിച്ചിട്ടുള്ളത്. റെയ്ഡ് പുരോഗമിക്കവെ പരാതിക്കാരനും കരുവന്നൂർ ബാങ്കിലെ മുൻ എക്സ്റ്റൻഷൻ ശാഖ മാനേജറുമായ എം.വി. സുരേഷിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തിയതാണ് വിവരം. മുമ്പ് നാലുവട്ടം സുരേഷിന്‍റെ മൊഴി രേഖപ്പെടുത്തിയതാണ്.
2021 ജൂലൈയിലാണ് കരുവന്നൂർ തട്ടിപ്പ് വിവരം പുറത്ത് വരുന്നത്. ആഗസ്റ്റിലാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ബാങ്കിൽ ഈടില്ലാതെ വായ്പകൾക്ക് അംഗീകാരം നൽകിയതായാണ് കണ്ടെത്തൽ. ബാങ്കിന്‍റെ സൊസൈറ്റി അംഗങ്ങൾ അറിയാതെ വായ്പകൾ അംഗീകരിക്കുകയും തുക വിതരണം ചെയ്യുകയും ചെയ്തുവെന്നും കണ്ടെത്തലുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. 300 കോടിയുടെ തട്ടിപ്പ് നടന്നെന്ന ആക്ഷേപമുയർന്ന, കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയായ കരുവന്നൂർ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് എ.സി. മൊയ്തീന് അറിവുണ്ടായിരുന്നെന്നും ബന്ധുക്കൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും നേരത്തെ ആരോപണമുയർന്നിരുന്നു.
125 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. ഭരണസമിതിയംഗങ്ങളും ജീവനക്കാരുമടക്കം 18 പേരാണ് കേസിലെ പ്രതികൾ. കള്ളപ്പണം, അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള പരാതികളാണ് മൊയ്തീനെതിരെയുള്ളത്. ക്രമക്കേട് ഉയർന്ന കാലത്ത് പാർട്ടി ജില്ല സെക്രട്ടറിയായിരുന്നു മൊയ്തീൻ.