കശ്മീർ ഫയൽസ് ഒരു പ്രൊപ്പഗാണ്ട ചിത്രം: ദേശീയ അവാർഡ് നൽകിയതിനെതിരെ ഉദയനിധി സ്റ്റാലിൻ

കശ്മീർ ഫയൽസ് ഒരു പ്രൊപ്പഗാണ്ട ചിത്രം: ദേശീയ അവാർഡ് നൽകിയതിനെതിരെ ഉദയനിധി സ്റ്റാലിൻ

August 25, 2023 0 By Editor

മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ‘ദ കശ്‍മീര്‍ ഫയല്‍സി’നായിരുന്നു. ‘ദ കശ്‍മീര്‍ ഫയല്‍സി’ന് ദേശീയ അവാര്‍ഡ് നല്‍കിയ തീരുമാനം വിവാദമാകുന്നു. വിമർശനവുമായി ഉദയനിധി സ്റ്റാലിൻ രംഗത്ത്. തെറ്റായ പ്രൊപ്പഗാണ്ടയാണ് സിനിമ പ്രചരിപ്പിക്കുന്നതെന്ന് ഉദയനിധി ആരോപിച്ചു. താൻ സിനിമ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും അവാർഡ് വിതരണത്തിനെതിരെ രംഗത്ത് വന്നിരുന്നു. തരംതാണ രാഷ്‍ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡിന്റെ വില കളയരുത്. സിനിമാ- സാഹിത്യ പുരസ്‍കാരങ്ങളില്‍ രാഷ്‍ട്രീയ ചായ്‌വ് ഇല്ലാത്തതാണ് നല്ലതെന്നും എം കെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു.

അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കാനായി അദ്ദേഹം ട്വിറ്റില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘കടൈസി വിവസായി’യുടെ അണിയറ പ്രവര്‍ത്തകരെയും നടന്മാരായ വിജയന്‍ സേതുപതി, മണികണ്ഠന്‍ എന്നിവരെയും മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട ശ്രേയാഘോഷല്‍, പ്രത്യേക ജൂറി പുരസ്‌കാരം നേടിയ സംഗീതസംവിധായകന്‍ ശ്രീകാന്ത് ദേവ, മികച്ച വിദ്യാഭ്യാസ ചലച്ചിത്ര വിഭാഗത്തില്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ‘സിര്‍പ്പി’കളുടെ അണിയപ്രവര്‍ത്തകരെയും എം.കെ സ്റ്റാലിന്‍ അഭിനന്ദിച്ചു.

അതേസമയം, അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് അല്ലു അര്‍ജുൻ (പുഷ്‍പ) ആണ്. മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ഗംഗുഭായ് കത്തിയാവഡി) കൃതി സനോണും (മിമി). മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന് ‘ഹോമി’ലൂടെ ലഭിച്ചു. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ‘റോക്കട്രി: ദ നമ്പി ഇഫക്റ്റ്‍സി’നും മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ‘ഹോമി’നും മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡിന് ‘നായാട്ടി’ലൂടെ ഷാഹി കബീറും മികച്ച നവാഗത സംവിധായകനുള്ള പുരസ്‍കാരം ‘മേപ്പടിയാനി’ലൂടെ വിഷ്‍ണു മോഹനും സ്വന്തമാക്കി.

ഓസ്‍കര്‍ പുരസ്‍കാരം വരെ നേടിയ സംഗീതഞ്‍ജന്റെ ‘നാട്ടു നാട്ടു’ ഗാനം ദേശീയ തലത്തില്‍ ഒന്നാമത് എത്തിയില്ല എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‍കാരം കീരവാണിക്കാണ്. ‘ആര്‍ആര്‍ആറി’ലെ ‘കമൊരം ഭീമുഡോ’ എന്ന ഗാനം ആലപിച്ച കാലഭൈരവ മികച്ച ഗായകനായപ്പോള്‍ ഗായിക ശ്രേയാ ഘോഷാലാണ്. ‘പുഷ്‍പ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് ദേവിശ്രീ പ്രസാദിന് പുരസ്‍കാരം ലഭിച്ചു.