ലൈംഗികാതിക്രമം: വനിതാ ഡോക്ടർ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കാമെന്ന് പോലീസ്

ലൈംഗികാതിക്രമം: വനിതാ ഡോക്ടർ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കാമെന്ന് പോലീസ്

September 2, 2023 0 By Editor

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ മുതിർന്ന ഡോക്ടറിൽനിന്ന്‌ ലൈംഗികാതിക്രമം നേരിട്ടുവെന്ന ആരോപണത്തിൽ വനിതാ ഡോക്ടർ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ്. വനിതാ ഡോക്ടർ അയച്ച ഇ-മെയിൽ ആണ് ആശുപത്രി സൂപ്രണ്ട് പോലീസിന് കൈമാറിയത്. എന്നാൽ ഇതിൽ പോലീസ് കേസെടുത്താൽ തിരിച്ചടി ഉണ്ടാകുമെന്നാണ് നിയമോപദേശം.

2019-ൽ നടന്ന സംഭവത്തിൽ ഇ-മെയിൽ വഴിയായിരുന്നു വനിതാ ഡോക്ടർ പരാതി നൽകിയത്. ഈ പരാതി ആശുപത്രി സൂപ്രണ്ട് പോലീസിന് കൈമാറുകയായിരുന്നു. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് നിയമപരമായ പ്രശ്നം ഉണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസെടുക്കുന്നതിന് വേണ്ടിയുള്ള കൂടിയാലോചനകൾ പോലീസ് നേരത്തെ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന കത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്താൽ തിരിച്ചടി ഉണ്ടാകുമെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. അതുകൊണ്ട് എഫ്.ഐ.ആർ. രേഖപ്പെടുത്താതെ, പരാതി നേരിട്ട് ലഭിക്കാൻ പോലീസ് കാത്തിരിക്കുന്നത്.

ദുബായിയിൽ താമസിക്കുന്ന വനിതാ ഡോക്ടർ സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇട്ടതോടെയാണ് ഇത് വിവാദമായത്. ആരോപണം നേരിട്ട സീനിയർ ഡോക്ടർ എറണാകുളം ജില്ലയിലെ മറ്റൊരു സർക്കാർ ആശുപത്രിയിലാണിപ്പോൾ ജോലി ചെയ്യുന്നത്. 2019 ഫെബ്രുവരിയിൽ ഹൗസ് സർജൻസി ചെയ്യുമ്പോൾ വൈകീട്ട് ആശുപത്രി ക്വാർട്ടേഴ്‌സിൽ മുതിർന്ന ഡോക്ടറുടെ സ്വകാര്യ കൺസൾട്ടിങ് മുറിയിൽ വെച്ചായിരുന്നു സംഭവമെന്നാണ് വനിതാ ഡോക്ടറുടെ വെളിപ്പെടുത്തൽ. തനിച്ചായിരുന്ന തന്നെ മുതിർന്ന ഡോക്ടർ ബലമായി ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തെന്നാണ് വനിതാ ഡോക്ടർ വെളിപ്പെടുത്തിയിരിക്കുന്നത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam