ക്രിക്കറ്റ് ലോകകപ്പില്‍ വീണ്ടും അട്ടിമറി; നെതര്‍ലന്‍ഡിന് മുന്നില്‍ വീണ് ദക്ഷിണാഫ്രിക്ക

ക്രിക്കറ്റ് ലോകകപ്പില്‍ വീണ്ടും അട്ടിമറി; നെതര്‍ലന്‍ഡിന് മുന്നില്‍ വീണ് ദക്ഷിണാഫ്രിക്ക

October 18, 2023 0 By Editor

ക്രിക്കറ്റ് ലോകകപ്പില്‍ വീണ്ടും അട്ടിമറി. നെതര്‍ലന്‍ഡ്‌സിനെതിരെ ദക്ഷിണാഫ്രിക്കക്ക് തോല്‍വി രുചിക്കേണ്ടിവന്നു. മഴയെ തുടര്‍ന്നു 43 ഓവര്‍ ആക്കി ചുരുക്കിയ പോരില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു. 82 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ നെതര്‍ലന്‍ഡ്‌സിനെ വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. താരം 69 പന്തില്‍ പത്ത് ഫോറും ഒരു സിക്‌സും സഹിതം 78 റണ്‍സെടുത്തു.

കരുത്തരായ ദക്ഷിണാഫ്രിക്കയെ നെതര്‍ലാന്‍ഡ്‌സ് 38 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: നെതര്‍ലാന്‍ഡ്‌സ് 43 ഓവറില്‍ 8ന് 245. ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ക്യാപ്റ്റന്‍ ടെമ്പ ബവുമ (16), ക്വിന്റണ്‍ ഡികോക്ക് (20), എയ്ഡന്‍ മര്‍ക്രം (ഒന്ന്), റസി വാന്‍ ഡര്‍ ഡസെന്‍ (നാല്) എന്നിവരുടെ വിക്കറ്റ് 15 ഓവര്‍ തികയും മുമ്പേ വീണു.

ഹെയിന്റിച്ച് ക്ലാസെനും (28) ഡേവിഡ് മില്ലറും (43) ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ടീം സ്‌കോര്‍ 89ല്‍ നില്‍ക്കെ ക്ലാസെന്‍ വീണു. പിന്നീട് മില്ലറിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. റണ്‍നിരക്ക് ഉയര്‍ത്തിയ മില്ലര്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയുയര്‍ത്തിയെങ്കിലും 31ാം ഓവറില്‍ വാന്‍ ബീക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. ഇതോടെ നെതര്‍ലാന്‍ഡ്‌സ് വിജയമുറപ്പിച്ചു. തുടര്‍ന്ന് വാലറ്റക്കാരും ഒന്നൊന്നായി മടങ്ങിയതോടെ ഡച്ചുകാര്‍ക്ക് കാത്തിരുന്ന ജയം. വാന്‍ ബീക്ക് മൂന്ന് വിക്കറ്റും പോള്‍ വാന്‍, വാന്‍ഡെര്‍ മെര്‍വെ, ബാസ് ഡി ലീഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.