'തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ല'; ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂര്‍ അതിരൂപത
തൃശൂര്‍: ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂര്‍ അതിരൂപത. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്ന് അതിരൂപതയുടെ മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു. മണിപ്പൂര്‍ കലാപസമയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസ്സിലാകുമെന്നും മുഖപത്രം വ്യക്തമാക്കുന്നു.
മണിപ്പൂരിനെ മറച്ചുപിടിച്ചുകൊണ്ടുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. മണിപ്പൂരിനെയും യുപിയേയും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെയും മുഖപത്രം രൂക്ഷമായി വിമര്‍ശിക്കുന്നു.
മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആണത്തമുണ്ടോയെന്ന് സഭാ മുഖപത്രം ചോദിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ദുരന്തങ്ങല്‍ ഉണ്ടാകുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും പത്രം പറയുന്നു.
കരുവന്നൂര്‍ യാത്രയുടെ സമാപനവേദിയിലായിരുന്നു സുരേഷ്‌ഗോപിയുടെ ആണുങ്ങള്‍ പരാമര്‍ശം ഉണ്ടായത്. തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതു കൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്ന പരിഹാസം കൂടി സുരേഷ് ഗോപിക്കു നേരെ കത്തോലിക്ക മുഖപത്രം ഉന്നയിക്കുന്നു.