വിഷപ്പാമ്പുകളും പാമ്പിന്‍ വിഷവും വച്ച്  നിശാപാര്‍ട്ടി: യുട്യൂബര്‍ എല്‍വിഷിനെതിരെ കേസ്

വിഷപ്പാമ്പുകളും പാമ്പിന്‍ വിഷവും വച്ച് നിശാപാര്‍ട്ടി: യുട്യൂബര്‍ എല്‍വിഷിനെതിരെ കേസ്

November 3, 2023 0 By Editor

നോയിഡ: നിശാപാര്‍ട്ടിയില്‍ വിഷപ്പാമ്പുകളെയും പാമ്പിന്‍ വിഷവും ഉപയോഗിച്ചതിന് ബിഗ്‌ബോസ് ഒടിടി ജേതാവും യുട്യൂബറുമായ എല്‍വിഷ് യാദവിനെതിരെ കേസെടുതത്തു. നോയിഡ പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നോയിഡ-എന്‍സിആര്‍ ഫാം ഹൗസുകളില്‍ പാമ്പുകളും വിഷവും ഉപയോഗിച്ച് വീഡിയോകള്‍ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് പീപ്പിള്‍ ഫോര്‍ അനിമല്‍ (പിഎഫ്എ) ഓര്‍ഗനൈസേഷനിലെ അനിമല്‍ വെല്‍ഫെയര്‍ ഓഫീസറായ ഗൗരവ് ഗുപ്ത നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി.

പാമ്പിന്റെ വിഷവും മയക്കുമരുന്നും ആസ്വദിക്കാന്‍ വിദേശ വനിതകളെ ക്ഷണിക്കുന്ന റേവ് പാര്‍ട്ടികള്‍ എല്‍വിഷ് നിയമവിരുദ്ധമായി സംഘടിപ്പിക്കുന്നുവെന്നും ഗൗരവ് ആരോപിച്ചു. മനേക ഗാന്ധിയുമായി ബന്ധപ്പെട്ട പിഎഫ്എയ്ക്ക് ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയും ഉപഭോക്താവെന്ന വ്യാജേന എല്‍വിഷുമായി ബന്ധപ്പെടുകയായിരുന്നു. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് അവര്‍ സെക്റ്റര്‍ -51 സെവ്റോണ്‍ ബാങ്ക്വറ്റ് ഹാള്‍ റെയ്ഡ് ചെയ്യുകയായിരുന്നു. എല്‍വിഷിന്റെ സഹായികളായ ഡല്‍ഹി സ്വദേശികളായ രാഹുല്‍, ടിറ്റുനാഥ്, ജയകരന്‍, നാരായണ്‍, രവിനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

20 മില്ലിലിറ്റര്‍ പാമ്പിന്‍ വിഷം, അഞ്ച് മൂര്‍ഖന്‍, ഒരു പെരുമ്പാമ്പ്, ഇരുതലമൂരി, ഒരു റാറ്റ് സ്‌നേക്ക് എന്നിവയും പോലീസ് പിടിച്ചെടുത്തു.Noida Police bust rave party, 5 arrested, FIR names Bigg Boss OTT winner Elvish Yadavഅറസ്റ്റിലായ അഞ്ച് പ്രതികള്‍ക്ക് പുറമെ എല്‍വിഷിനെതിരെയും 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 9, 39, 48 (എ), 49, 50, 51 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി എസ്എച്ച്ഒ സന്ദീപ് ചൗധരി പറഞ്ഞു. ബിഗ് ബോസ് വിജയികളുടെ പാര്‍ട്ടികളില്‍ പാമ്പുകളെ വിതരണം ചെയ്യാറുണ്ടായിരുന്നുവെന്ന് പ്രതികള്‍ വെളിപ്പെടുത്തി.
യുട്യൂബിലൂടെ യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയ എല്‍വിഷ് ബിഗ് ബോസിലൂടെയാണ് വലിയ ആരാധകരെ ഉണ്ടാക്കിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് ബിഗ് ബോസ് ഒടിടി സീസണ്‍ 2വിലേക്ക് എല്‍വിഷെത്തിയത്. പിന്നീട് ഷോയിലെ ജേതാവായിട്ടായിരുന്നു മടക്കം. ബിഗ് ബോസില്‍ നിന്നും യുട്യൂബില്‍ നിന്നും വലിയ തുക വരുമാനമായി എല്‍വിഷിന് ലഭിച്ചിരുന്നു. നടിയും മോഡലുമായ ഉര്‍വശി റൗട്ടേലയ്ക്കൊപ്പം ‘ഹം തോ ദീവാനേ’ എന്ന മ്യൂസിക് വീഡിയോയില്‍ എല്‍വിഷ് യാദവ് പ്രത്യക്ഷപ്പെട്ടിരുന്നു. ഗുരുഗ്രാം സ്വദേശിയായ എല്‍വിഷിന് നിലവില്‍ രണ്ട് യുട്യൂബ് ചാനലുകളാണ് ഉള്ളത്. രണ്ട് ചാനലുകളിലുമായി 14.5, 4.75 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്.