ലോകകപ്പ്: മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ഇംഗ്ലണ്ടും സ്വീഡനും

July 7, 2018 0 By Editor

സമാറ: ഇംഗ്ലണ്ടും സ്വീഡനും ഏറ്റുമുട്ടുന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന്. രാത്രി 7.30ന് സമാറ അരേനയിലാണ് ഇംഗ്ലണ്ട് സ്വീഡന്‍ പോരാട്ടം. മികച്ച ഒരു പിടി താരങ്ങളുമായി എത്തുന്ന ഇംഗ്ലണ്ടിനാണ് ശനിയാഴ്ചത്തെ മത്സരത്തില്‍ മുന്‍ തൂക്കം.

ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയത്തിന് പിന്നില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് അവസാന എട്ടിലെത്തിയത്. മുന്നില്‍നിന്ന് പടനയിക്കുന്ന സ്‌ട്രൈക്കര്‍ ഹാരി കെയ്‌നിന്റെ മികവിലാണ് ഇംഗ്ലണ്ടിന്റെ കുതിപ്പ്. ജോണ്‍ സ്റ്റോണ്‍സ്, ജെസി ലിംഗാര്‍ഡ്, യങ്ങ് എന്നിവര്‍ക്കൊപ്പം ദെലെ അലിയും പിന്നെ സൂപ്പര്‍ ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡും ചേരുമ്പോള്‍ ടീം ശക്തമാണ്.

അതേസമയം ഇന്നത്തെ മത്സരത്തില്‍ തങ്ങളെ ദുര്‍ബലരായി കാണേണ്ടതില്ലെന്നാണ് സ്വീഡന്‍ നായകന്‍ ആന്ദ്രെ ഗ്രാന്‍ക്വിസ്റ്റ് പറയുന്നത്. ഹാരി കെയ്‌നിന്റെ മുന്നേറ്റത്തെ തടയുകയാകും തങ്ങളുടെ പ്രധാന ലക്ഷ്യം. ഇബ്രാഹ്മോവിച്ചില്ലാത്തതിനാല്‍ ടീമിലെ എല്ലാ താരങ്ങളും കൂടുതല്‍ ഉത്തരവാദിത്തോടെയാണ് കളിക്കുന്നതെന്നും സ്വീഡിഷ് നായകന്‍ പറഞ്ഞു.

ആരാധകരുടെ പ്രതീക്ഷക്കും അപ്പുറത്തെ പ്രകടനമാണ് സ്വീഡന്‍ ലോകകപ്പില്‍ ഇതുവരെ കാഴ്ചവെച്ചത്. സൂപ്പര്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച് യുഗം അവസാനിച്ചതോടെ എടുത്തുകാണിക്കാവുന്ന ഒരു താരം പോലുമില്ലാത്ത ടീമിനെ ക്വാര്‍ട്ടര്‍ വരെയെത്തിച്ചതിന്റെ ക്രെഡിറ്റ് കോച്ച് യാനെ ആന്‍ഡേഴ്‌സണിനാണ്.

ഇതുവരെ 25 തവണ ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണ ഇംഗ്ലണ്ടും ഏഴ് തവണ സ്വഡീനും വിജയിച്ചു. സമനിലയില്‍ പിരിഞ്ഞത് 9 എണ്ണം. ലോകകപ്പില്‍ 2006 ഗ്രൂപ്പ് ഘട്ടത്തിലാണ് ഇരുടീമും ഏറ്റുമുട്ടിയത്. അന്ന് 22ന് മത്സരം അവസാനിച്ചു. 2006 ലാണ് ഇംഗ്ലണ്ട് ഇതിന് മുന്‍പ് ക്വാര്‍ട്ടറിലെത്തിയത്. സ്വീഡന്റെ അഞ്ചാം ലോകകപ്പ് ക്വാര്‍ട്ടറാണിത്.