ദേവസ്വം ബോർഡ്: അധ്യാപക, അനധ്യാപക നിയമനങ്ങളിൽ സംവരണ റൊട്ടേഷൻ പാലിക്കാൻ ഉത്തരവ്

February 29, 2024 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾക്കുകീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനി നടത്തുന്ന അധ്യാപക, അനധ്യാപക നിയമനങ്ങളിൽ പി.എസ്.സിയുടെ സംവരണ റൊട്ടേഷൻ പാലിക്കാൻ സർക്കാർ ഉത്തരവ്. ഫെബ്രുവരി 22ന് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ ദേവസ്വം ബോർഡ് പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബോർഡ് സ്ഥാപനങ്ങൾക്കുകീഴിലെ നിയമനങ്ങൾ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന് വിട്ടപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ ദേവസ്വം ബോർഡുകളുടെ തന്നെ ചുമതലയിൽ നിലനിർത്തുകയായിരുന്നു. ഇത്തരം നിയമനങ്ങളിൽ സംവരണം പാലിച്ചിരുന്നില്ല. ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉദ്യോഗ നിയമനങ്ങളിൽ സംവരണം പാലിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ ഹൈകോടതിയിൽ റിട്ട്​ ഹരജി ഫയൽ ചെയ്തിരുന്നു.

ദേവസ്വം ബോർഡും സർക്കാറും അനുകൂല തീരുമാനമെടുക്കാതെ മൂന്നുവർഷമായി കേസ് നീണ്ടുപോയി. ഇതിനു പിന്നാലെയാണ് കഴിഞ്ഞ മാസം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഉത്തരവിറക്കിയത്. എല്ലാ എയ്ഡഡ് മേഖലയിലെയും ഉദ്യോഗ നിയമനത്തിലും വിദ്യാർഥി പ്രവേശനത്തിലും സംവരണം പാലിക്കുന്നതിന് ഉത്തരവ് വഴിവെക്കും.