71കാരനായ ഡോർക്ടർക്ക് അർധരാത്രിയിൽ വിഡിയോ കോൾ, മുന്നിൽ നഗ്നയായ സ്ത്രീ; നഷ്ട്ടപ്പെട്ടത് 9 ലക്ഷം
ഡൽഹി സ്വദേശിയായ എഴുപത്തിയൊന്നുകാരനായ ഡോക്ടർക്ക് അർധരാത്രിയിൽ ഒരു വിഡിയോ കോൾവന്നു. അടിയന്തര ആവശ്യത്തിനായി ഏതെങ്കിലും രോഗികൾ വിളിക്കുന്നതാകുമെന്ന് കരുതി കോൾ എടുത്ത ഡോക്ടർക്കു മുന്നിൽ മറുതലയ്ക്കൽ പ്രത്യക്ഷപ്പെട്ടത് അർധനഗ്നയായ സ്ത്രീയാണ്. അന്തംവിട്ട ഡോക്ടർക്ക് ഭീഷണികൾക്കൊടുവിൽ നഷ്ടമായത് ഒൻപതു ലക്ഷം രൂപ. അർധനഗ്ന സ്ത്രീയുമായുള്ള വിഡിയോ കോൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
നിരന്തരഭീഷണിയിൽ ഗതികെട്ട ഡോക്ടർ ഒടുവിൽ പൊലീസിൽ പരാതി നൽകി. വിശദമായ അന്വേഷണത്തിനുശേഷം രാജസ്ഥാൻ സ്വദേശികളായ രണ്ടു സഹോദരങ്ങൾ പൊലീസിന്റെ പിടിയിലായി. രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ മേവാത്ത് സ്വദേശിയായ അബ്ദുൾ റഹ്‌മാൻ (39), സഹോദരൻ ആമിർ ഖാൻ (26) എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്ത്. ഇവരെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിഡിയോ കോൾ ചെയ്യാനും ഭീഷണി കോൾ ചെയ്യാനും ഉൾപ്പെടെ ഉപയോഗിച്ച ഏഴ് ഫോണുകളും സിം കാർഡുകളും ഇവരിൽനിന്നു കണ്ടെടുത്തു.
ഡോക്ടറെ കൂടാതെ ഇരുപത്തിയഞ്ചോളം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അപൂർവ ഗുപ്ത പറഞ്ഞു. ഡൽഹിയിൽ നിന്നുള്ള നാല് പേർക്ക് പുറമെ, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. തട്ടിയെടുത്ത പണം ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഡിജിറ്റലായാണ് അക്കൗണ്ടുകൾ തുറന്നിരിക്കുന്നതെന്നും പണം വീണ്ടെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായും ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അറിയിച്ചു