'ഉപദ്രവിച്ചാൽ മറ്റ് വഴികൾ തേടേണ്ടിവരും, സിപിഎമ്മിലേക്ക് ഇനിയില്ല'; നിലപാട് വ്യക്തമാക്കി എസ് രാജേന്ദ്രൻ
ദേവികുളം: ഇനി സിപിഎമ്മിലേക്ക് ഒരു തിരിച്ചുവരവില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. അടഞ്ഞു കിടക്കുന്ന വാതിൽ അടഞ്ഞു തന്നെ കിടന്നോട്ടെയെന്നും ഉപദ്രവിക്കാൻ ശ്രമിക്കരുതെന്നും രാജേന്ദ്രൻ വ്യക്തമാക്കി. തനിക്കെതിരെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി ശശി വ്യാജ തെളിവുകളുാക്കിയെന്നും തന്നെ ഉപദ്രവിച്ചാൽ മറ്റ് വഴികൾ തേടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തോളമായി പാർട്ടിയുമായി അകന്നു കഴിയുകയാണ് എസ് രാജേന്ദ്രൻ.
സിപിഎം അംഗത്വം പുതുക്കാൻ താൽപര്യമില്ലെന്നും രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിയില്ലെന്നും സിപിഎമ്മിൽ താൻ തുടരരുതെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി ശശി ആഗ്രഹിക്കുന്നുവെന്നും രാജേന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ രാജേന്ദ്രനെ ബിജെപിയിലേക്ക് എത്തിക്കാൻ തമിഴ്നാട് നേതൃത്വം അടക്കം ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ബിജെപിയുടെ ചെന്നൈയിൽ നിന്നുള്ള ദേശീയ നേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടിൽ വന്നു കണ്ടു ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷം സംസ്ഥാന നേതാവ് പികെ കൃഷ്ണദാസും ഫോണിൽ സംസാരിച്ചിരുന്നു. മൂന്നാറിലെ തോട്ടം മേഖലയിൽ രാജേന്ദ്രന് സ്വാധീനമുള്ള തമിഴ് മേഖലകളിലെ വോട്ടുകളാണു ബിജെപിയുടെ ലക്ഷ്യം. ഇതിനായി പാർട്ടി സ്ഥാനങ്ങളും വാഗ്ദാനം നൽകിയിരുന്നു. ഇതിനിടെയാണ് എസ് രാജേന്ദ്രൻ സിപിമ്മിലേക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. മൂന്നാറിലെ തോട്ടം മേഖലയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് രാജേന്ദ്രൻ. രാജേന്ദ്രനെ ബിജെപിയിലേക്ക് എത്തിച്ചാൽ ഈ മേഖലയിലെ വോട്ടുകൾ നേടിയെടുക്കാമെന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി എ രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി രാജേന്ദ്രനെ പ്രാഥമികാംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. സസ്‌പെൻഷൻ കാലാവധി 2023 ജനുവരിയിൽ അവസാനിച്ചെങ്കിലും സസ്‌പെൻഷൻ പിൻവലിക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല. തുടർന്ന് ജനുവരിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പിന്നാലെ ജില്ലാ സെക്രട്ടറി സിവി വർഗീസും രാജേന്ദ്രനെ കണ്ടു സംസാരിച്ചെങ്കിലും പരിഹാരമുണ്ടായില്ല.