ഇറാന്‍റെ മിസൈൽ ആക്രമണത്തിന് സമയമാകുമ്പോൾ പകരം ചോദിക്കുമെന്ന് ഇസ്രയേൽ

ഇറാന്‍റെ മിസൈൽ ആക്രമണത്തിന് സമയമാകുമ്പോൾ പകരം ചോദിക്കുമെന്ന് ഇസ്രയേൽ

April 15, 2024 0 By Editor

ടെൽ അവീവ്: ഇറാന്‍റെ മിസൈൽ ആക്രമണത്തിന് സമയമാകുമ്പോൾ പകരം ചോദിക്കുമെന്ന് ഇസ്രയേൽ. ഇസ്രായേൽ മന്ത്രി ബെന്നി ഗാന്‍റ്സാണ് ഇക്കാര്യം പറഞ്ഞത്. ഇറാനുമേൽ സാധ്യമായ എല്ലാ ഉപരോധങ്ങളും ഏർപ്പെടുത്താണമെന്ന് രക്ഷാസമിതിയിൽ ഇസ്രായേൽ പ്രതിനിധി ഗിലാദ് എർദാൻ ആവശ്യപ്പെട്ടു. എന്നാൽ സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായിരുന്നു ആക്രമണമെന്ന് ഇറാന്‍റെ പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു. ഇസ്രയേൽ ഒറ്റയ്ക്കല്ലെന്ന് അമേരിക്കയും വ്യക്തമാക്കി.

അതിനിടെ ഇറാൻ – ഇസ്രയേൽ സംഘർഷ സാഹചര്യം ചർച്ച ചെയ്യാൻ ജി-7 രാജ്യങ്ങൾ യോഗം ചേർന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ജി 7 രാജ്യ തലവൻന്മാരുടെ യോഗം വിളിച്ചു ചേർത്തത്. മേഖലയിലെ സ്ഥിതി ശാന്തമാക്കുന്നതിനും സംഘർഷം രൂക്ഷമാകാതിരിക്കാനുമുള്ള കൂട്ടായ നടപടികൾ തുടരുമെന്ന് ജോ ബൈഡൻ പ്രതികരിച്ചു. യുഎൻ സുരക്ഷാ സമിതിയും വിഷയം ചർച്ച ചെയ്യുകയാണ്. ഇറാനും ഇസ്രയേലും സംയമനം പാലിക്കണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതേസമയം ഇസ്രയേലിന്റെ തിരിച്ചടി മുന്നിൽ കണ്ട് ഇറാൻ അതീവ ജാഗ്രതയിലാണ്.

ഇസ്രയേലിനെതിരായ ആക്രമണം ലക്ഷ്യം കണ്ടുവെന്ന് നേരത്തെ ഇറാൻ പ്രതികരിച്ചിരുന്നു. വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ലഭ്യമായ വിവരങ്ങൾ പരിശോധിക്കുമ്പോള്‍ ഇസ്രയേലിനെതിരായ ഓപ്പറേഷൻ വിജയകരമായിരുവെന്നാണ്‌ ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.