‘ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കേണ്ടിയിരുന്നു; പാപിയുടെ കൂടെ കൂടിയാൽ‌ ശിവനും പാപിയാകും’ ; ഇ.പി.ജയരാജനെ വിമർശിച്ച് പിണറായി വിജയൻ

‘ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കേണ്ടിയിരുന്നു; പാപിയുടെ കൂടെ കൂടിയാൽ‌ ശിവനും പാപിയാകും’ ; ഇ.പി.ജയരാജനെ വിമർശിച്ച് പിണറായി വിജയൻ

April 26, 2024 0 By Editor

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരുമായും നല്ല സൗഹൃദം പുലർത്തുന്നയാളാണ് ഇ.പി.ജയരാജൻ. പാപിയുടെ കൂടെ ശിവൻ കൂടിയാൽ‌ ശിവനും പാപിയാകും. അത്തരം ആളുകളുമായി ബന്ധപ്പെടുന്നത് ഒഴിവാക്കേണ്ടതായിരുന്നു. മുൻപും ജയരാജന് ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്താൻ കഴിഞ്ഞിട്ടില്ല. സംശയനിഴലിലുള്ള ഒരാളുടെ സന്നാധ്യത്തിലെ കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകാശ് ജാവഡേക്കറെ കാണുന്നതിൽ തെറ്റില്ല. പൊതുപരിപാടികൾക്കിടെ പലതവണ ഞാനും ജാവഡേക്കറെ കണ്ടിട്ടുണ്ട്. നിങ്ങൾ പരമാവധി ശ്രമിച്ചോളൂ, നമുക്ക് കാണാം എന്നാണ് ജാവഡേക്കറോട് പറഞ്ഞത്. ഈ നന്ദകുമാറിനെക്കുറിച്ച് എനിക്ക് നന്നായി അറിയാം. കേരളത്തിൽ സിപിഎമ്മിനെതിരെയും എനിക്കെതിരെയും ഒരു സംഘം ദശാബ്ദങ്ങളായി പ്രവർത്തിക്കുന്നുണ്ട്. അത്തരം ആളുകൾക്ക് ധനസഹായം ഉൾപ്പെടെ നൽകുന്നവരുണ്ട്. ചില മാധ്യമങ്ങളും അവർക്കൊപ്പം നിന്നിട്ടുണ്ട്. താൽക്കാലികമായ എന്തെങ്കിലും നേട്ടങ്ങളുണ്ടാകാം. എന്നിട്ട് എന്തെങ്കിലും ഫലം കിട്ടിയോ?

തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച മുന്നേറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ബിജെപി നേരത്തേതന്നെ സ്വീകാര്യരല്ല. ഒരു സീറ്റിൽ പോലും അവർ രണ്ടാം സ്ഥാനത്ത് പോലും എത്തില്ല. കേരളത്തിന് എതിരെയുള്ള നിലപാടുകൾക്ക് മറുപടിയാകും ഈ തിരഞ്ഞെടുപ്പ്. കേരളത്തിൽനിന്ന് വിജയിച്ചു പോയ യുഡിഎഫ് എംപിമാർ കേന്ദ്ര അവഗണനയ്ക്കെതിരെ ശക്തമായ നിലപാട് എടുത്തില്ല. കേരളവിരുദ്ധ ശക്തികൾക്കെതിരെ പ്രതികരിക്കാനുള്ള അവസരമായിട്ടാണ് ജനങ്ങൾ ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. കേരളത്തിൽ ബിജെപി പത്തു സീറ്റു നേടുമെന്ന അവകാശവാദത്തെയും അദ്ദേഹം പരിഹസിച്ചു. അതിലെ പൂജ്യം അവിടെയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.