ഗോധ്രയിൽ ട്രെയിൻ കത്തിച്ചവരെ സംരക്ഷിക്കാന്‍ അന്നത്തെ റെയിൽവേ മന്ത്രി ലാലു പ്രസാദ് ശ്രമിച്ചെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 2002 ലെ ഗോധ്ര സംഭവത്തിലെ കുറ്റക്കാരെ സംരക്ഷിക്കാന്‍ ആര്‍ജെഡി അധ്യക്ഷനും അന്നത്തെ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് ശ്രമിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ദര്‍ഭംഗയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
2022 ഫെബ്രുവരി 27 നായിരുന്നു ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് ആക്രമിക്കപ്പെടുകയും തുടര്‍ന്ന് തീവണ്ടിയുടെ എസ് കോച്ചിന് തീപിടിച്ച് 59 പേര്‍ കൊല്ലപ്പെടുകയും ചെയ്തത്.
പ്രതികളെ ലാലു സംരക്ഷിച്ചത് പ്രീണന രാഷ്ട്രീയമാണെന്നും മോദി വിമര്‍ശിച്ചു. ‘കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് അന്ന് റെയില്‍വേ മന്ത്രിയായിരുന്നു. അദ്ദേഹം അന്വേഷണ സമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി കുറ്റക്കാരെ കുറ്റവിമുക്തരാക്കി. എന്നാല്‍ കോടതി തള്ളിക്കളഞ്ഞു.’ എന്നായിരുന്നു മോദിയുടെ ആരോപണം.
ഇന്‍ഡ്യാ മുന്നണിയെയും നരേന്ദ്ര മോദി യോഗത്തില്‍ കടന്നാക്രമിച്ചു. ഇന്‍ഡ്യാ മുന്നണി മുസ്ലീങ്ങള്‍ക്കുള്ള സംവരണം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. അവര്‍ ഡോ. ബാബാസാഹെബ് അംബേദ്കറുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും കാഴ്ചപ്പാടുകള്‍ക്ക് എതിരാണ്. അവരാരും മതപരമായ സംവരണത്തെ അനുകൂലിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഡല്‍ഹിയിലും പട്‌നയിലും രണ്ട് രാജകുമാരന്മാരുണ്ട്. രാജ്യവും പട്‌നയും ഇരുവരുടെയും അധീനതയിലാണെന്നാണ് കരുതുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും തേജസ്വി യാദവിനെയും പരിഹസിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം.