ലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട പോളിങ് തുടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട പോളിങ് തുടങ്ങി

May 7, 2024 0 By Editor

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പോളിങ് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തിലെ 25 സീറ്റ് അടക്കം 93 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്.പ്രധാനമന്ത്രി അഹമ്മദാബാദിലെ നിഷാൻ ഹയർസെക്കൻഡറി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തും. എല്ലാ വോട്ടർമാരും വോട്ട് രേഖപ്പെടുത്തണമെന്ന് നരേന്ദ്രമോദി ആഹ്വാനം ചെയ്തു. സജീവ പങ്കാളിത്തം ജനാധിപത്യത്തിന്റെ ഭംഗി വർധിപ്പിക്കുമെന്നും എക്സിൽ പ്രധാനമന്ത്രി കുറിച്ചു.

സൂറത്തില്‍ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അനന്ത്നാഗ്–റജൗറിയിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു.  2019ല്‍ 72 സീറ്റുകള്‍ നേടി ബിജെപി വലിയ മേല്‍ക്കൈ  നേടിയിരുന്നു. പ്രജ്വല്‍ രേവണ്ണ വിവാദവും കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാലയുടെ പരാമര്‍ശത്തില്‍ ക്ഷത്രിയ വിഭാഗത്തനുള്ള എതിര്‍പ്പും എടിഎസ് മേധാവി ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെടതിനെക്കുറിച്ച് മഹാരാഷ്ട്ര പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് നേതാവുമായ വിജയ് വഡേത്തിവാര്‍ നടത്തിയ വിവാദ പരാമര്‍ശവും മൂന്നാംഘട്ടത്തില്‍ ചര്‍ച്ചയായി.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, പ്രള്‍ഹാദ് ജോഷി, മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാന്‍, അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ്, സിപിഎം ബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലിം, കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ദിഗ്‍വിജയ് സിങ് എന്നിവര്‍ മല്‍സരരംഗത്തുണ്ട്. ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുളെയും അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറും ഏറ്റുമുട്ടുന്ന ബാരാമതി ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലമാണ്.