ഗോഡൗൺ തൊഴിലാളികൾ ഭീഷണിപ്പെടുത്തുകയാണെന്നാരോപിച്ച് ജില്ലയിലെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്
കോഴിക്കോട്: എൻ.എഫ്.എസ്.എ ഗോഡൗണിലെ തൊഴിലാളികൾ ഭീഷണിപ്പെടുത്തുകയാണെന്നാരോപിച്ച് ജില്ലയിലെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. എൻ.എഫ്.എസ്.എ ഗോഡൗണിൽനിന്ന് റേഷൻ വ്യാപാരികൾക്ക് അരിയും മറ്റുസാധനങ്ങളും തൂക്കി നൽകുന്നില്ലെന്നാണ് പ്രധാന ആരോപണം. തൂക്കി…
കോഴിക്കോട്: എൻ.എഫ്.എസ്.എ ഗോഡൗണിലെ തൊഴിലാളികൾ ഭീഷണിപ്പെടുത്തുകയാണെന്നാരോപിച്ച് ജില്ലയിലെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. എൻ.എഫ്.എസ്.എ ഗോഡൗണിൽനിന്ന് റേഷൻ വ്യാപാരികൾക്ക് അരിയും മറ്റുസാധനങ്ങളും തൂക്കി നൽകുന്നില്ലെന്നാണ് പ്രധാന ആരോപണം. തൂക്കി…
കോഴിക്കോട്: എൻ.എഫ്.എസ്.എ ഗോഡൗണിലെ തൊഴിലാളികൾ ഭീഷണിപ്പെടുത്തുകയാണെന്നാരോപിച്ച് ജില്ലയിലെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. എൻ.എഫ്.എസ്.എ ഗോഡൗണിൽനിന്ന് റേഷൻ വ്യാപാരികൾക്ക് അരിയും മറ്റുസാധനങ്ങളും തൂക്കി നൽകുന്നില്ലെന്നാണ് പ്രധാന ആരോപണം.
തൂക്കി നൽകുന്നതിനുപകരം ചാക്കുകൾ എണ്ണിയാണ് പലപ്പോഴും നൽകുന്നത്. തൂക്കി നൽകണമെന്ന് കരാർ നിലനിൽക്കെയാണ് ജീവനക്കാർ ഇത്തരത്തിൽ പെരുമാറുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. സാധനങ്ങൾ തൂക്കി ഇറക്കിനൽകുന്നതിന് സർക്കാറിന്റെ പക്കൽനിന്ന് കൂലി കൈപ്പറ്റുന്നുണ്ടെങ്കിലും തൂക്കി നൽകാൻ തയാറാകുന്നില്ല. ഇതുമൂലം വ്യാപാരികൾക്ക് വലിയ നഷ്ടം സംഭവിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു റേഷൻ കടയിൽ 100 മുതൽ 150 വരെ കിലോ വരെ കുറവ് ഉണ്ടാകാറുണ്ട്. തൂക്കിത്തരണമെന്ന് നിർബന്ധമായും ആവശ്യപ്പെടുന്ന വ്യാപാരികളോട് ശത്രുതാപൂർവമായും ഭീഷണിപ്പെടുത്തുന്ന രീതിയിലുമാണ് തൊഴിലാളികൾ പെരുമാറുന്നതെന്നും ആരോപണമുണ്ട്.
ഗോഡൗണിലെ തൊഴിലാളികളും ഇറക്കുതൊഴിലാളികളുംചേർന്ന് ഇവർക്ക് കീറിയതും പൊട്ടിയതുമായ ചാക്കുകളാണ് നൽകുന്നത്. ചാക്കുകൾ അട്ടിയട്ടിയായി ഇടുന്ന കാര്യത്തിലും സ്ഥിരമായി തർക്കമുണ്ടാകുന്നുണ്ട്. 10 മുതൽ 15 വരെ അട്ടി ചാക്കുകൾ ഇടാമെന്നിരിക്കെ റേഷൻ കടയിലെ സ്ഥലം നഷ്ടപ്പെടുത്തിക്കൊണ്ട് 10 അട്ടി മാത്രമേ ഇടാൻ കഴിയുകയുള്ളൂവെന്ന് തൊഴിലാളികൾ നിർബന്ധം പിടിക്കുന്നു.
എൻ.എഫ്.എസ്.എ ജീവനക്കാരും ലോറിക്കാരും യോജിച്ച് ഒരു മാഫിയ ആയി പ്രവർത്തിച്ച് വ്യാപാരികളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് ഉള്ളതെന്നാണ് വ്യാപാരികൾ പറയുന്നത്.
റേഷൻ വ്യാപാരികൾക്ക് യഥാർഥ തൂക്കം നൽകുക, എൻ.എഫ്.എസ്.എയിൽനിന്ന് റേഷൻ കിട്ടുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, യഥാസമയം റേഷൻ കടയിൽ സാധനം എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ റേഷൻ വ്യാപാരികൾ ജൂൺ പത്തിന് കടകളടച്ച് കലക്ടറേറ്റിനുമുന്നിൽ സമരം ചെയ്യാൻ നിശ്ചയിച്ചിരിക്കുകയാണെന്ന് എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി പറഞ്ഞു.
സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം ഭീമമായി വെട്ടിക്കുറച്ച സാഹചര്യത്തിൽ ജില്ലയിൽ മണ്ണെണ്ണ ഈ മാസം മുതൽ എടുക്കുന്നില്ലെന്ന് സംസ്ഥാന കോഓഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. ചുവപ്പ് കാർഡുടമകൾക്ക് മാത്രമായി ഇപ്പോൾ റേഷൻ മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. 100 മുതൽ 200 കാർഡുകൾക്ക് മണ്ണെണ്ണ വിതരണം ചെയ്യണമെങ്കിൽ 100 മുതൽ 300 ലിറ്റർ വരെ മണ്ണെണ്ണ വേണ്ട സ്ഥാനത്ത് 30 മുതൽ 50 ലിറ്റർ വരെ മണ്ണെണ്ണ മാത്രമാണ് വ്യാപാരികൾക്ക് ലഭിക്കുന്നത്. മണ്ണെണ്ണ വിതരണം കുറച്ചതോടെ മണ്ണെണ്ണ മൊത്തവ്യാപാരികൾ കച്ചവടം അവസാനിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് താലൂക്കിൽ ആറുവിതരണ കേന്ദ്രങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.വടകരയിൽ നാലെണ്ണം ഉണ്ടായിരുന്നിടത്ത് ഒന്നുമാത്രമാണ് പ്രവർത്തിക്കുന്നത്. കൊയിലാണ്ടി, താമരശ്ശേരി എന്നിവിടങ്ങളിൽ ഒന്നും പ്രവർത്തിക്കുന്നില്ല.
ലഭിക്കുന്ന മണ്ണെണ്ണ, കാർഡുടമകൾക്ക് കൊടുക്കാൻ തികയാത്ത സാഹചര്യത്തിലാണ് മണ്ണെണ്ണ എടുക്കേണ്ടെന്ന തീരുമാനത്തിൽ റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ കമ്മിറ്റി എത്തിച്ചേർന്നിരിക്കുന്നത്. എ.കെ.ആർ.ആർ.ഡി.എ, സി.ഐ.ടി.യു, കെ.എസ്.ആർ.ആർ.ഡി.എ എന്നീ സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റിയുടേതാണ് തീരുമാനം.