ബാർ കോഴ ആരോപണം തള്ളി സി.പി.എം;  തെരഞ്ഞെടുപ്പിനുശേഷം മാധ്യമങ്ങൾക്ക് ഡ്രൈഡേ ആയതുകൊണ്ടാണ് ഇത്തരത്തിലുള്ള വാർത്ത ഉണ്ടാക്കുന്നതെന്ന്  ​എം.വി. ഗോവിന്ദൻ

ബാർ കോഴ ആരോപണം തള്ളി സി.പി.എം; തെരഞ്ഞെടുപ്പിനുശേഷം മാധ്യമങ്ങൾക്ക് ഡ്രൈഡേ ആയതുകൊണ്ടാണ് ഇത്തരത്തിലുള്ള വാർത്ത ഉണ്ടാക്കുന്നതെന്ന് ​എം.വി. ഗോവിന്ദൻ

May 24, 2024 0 By Editor

തിരുവനന്തപുരം: ബാർ കോഴ ആരോപണം തള്ളി സി.പി.എം. ബാര്‍ കോഴ വിവാദത്തില്‍ സംസ്ഥാനത്തെ എക്‌സൈസ് നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ബാർ കോഴയിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം മാധ്യമങ്ങൾക്ക് ഡ്രൈഡേയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള വാർത്ത ഉണ്ടാക്കുന്നതെന്നും ​ഗോവിന്ദൻ ആരോപിച്ചു.

പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും ഇത്തരം വ്യാപക പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. ബാര്‍ ലൈസന്‍സ് ഫീസില്‍ 12 ലക്ഷത്തിന്റെ വർധനവ് വരുത്തിയ സര്‍ക്കാറാണിത്. വ്യാപകമായി മദ്യം ഒഴുക്കുന്നു എന്നത് വ്യാജ പ്രചാരണമാണ്. കേരളത്തില്‍ മദ്യ ഉപഭോഗത്തില്‍ കുറവാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് കാലത്തുണ്ടായിരുന്ന മദ്യ ഉപഭോഗം ഇപ്പോൾ ഇല്ല. യു.ഡി.എഫിന്റെ കാലത്തിന്റെ ആവർത്തനം തന്നെയാണ് എൽ.ഡി.എഫ് കാലത്തും എന്ന തെറ്റിദ്ധാരണയിൽ നിന്നാണ് ആരോപണം വരുന്നത്. ജനങ്ങളുടെ താല്പര്യമാണ് എൽ.ഡി.എഫ് ഗവണ്മെന്റ് സംരക്ഷിക്കുന്നത്. അല്ലാതെ സമ്പന്നന്മാരുടെ താല്പര്യമല്ല.

ബാർ ഉടമകൾക്ക്‌ വേണ്ടി നിലപാടെടുത്തത്‌ യു.ഡി.എഫാണ്. 2016 വരെ ലൈസൻസ്‌ ഫീസ്‌ 23 ലക്ഷം ആയിരുന്നത്‌ എൽ.ഡി.എഫ്‌ 35 ലക്ഷമായി വർധിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ജനങ്ങളുടെ താൽപര്യമാണ്‌ സർക്കാർ സംരക്ഷിക്കുന്നത്‌. യു.ഡി.എഫ്‌ കാലത്ത്‌ ഉണ്ടായിരുന്ന അത്ര മദ്യ ഉപഭോഗം ഇപ്പോഴില്ല. 96 ലക്ഷം കെയ്‌സിന്റെ കുവാണ്‌ ഉണ്ടായിട്ടുള്ളത്‌ -എം.വി. ഗോവിന്ദൻ പറഞ്ഞു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam