ഗവ.സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ നായക്കുട്ടികളുടെ ജഡം

കൊട്ടാരക്കര: ഗവ യുപി സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത് ഒന്‍പത് നായക്കുട്ടികളുടെ ജഡം. പടിഞ്ഞാറ്റിന്‍കര ഗവ. യു.പി.സ്‌കൂളിലെ വാട്ടര്‍ ടാങ്കിലാണ് രണ്ടു ദിവസം മാത്രം പ്രായമുള്ള നായക്കുട്ടികളുടെ ജഡം കണ്ടെത്തിയത്.

അതേസമയം സാമൂഹ്യവിരുദ്ധര്‍ കൊണ്ടിട്ടതാകാമെന്നാണ് സ്‌കൂള്‍ അധികൃതരും നാട്ടുകാരും പറയുന്നത്. സാമൂഹ്യവിരുദ്ധര്‍ നേരത്തെയും സ്‌കൂളില്‍ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതുമൂലം എല്ലാ ദിവസവും രാവിലെ തന്നെ സ്‌കൂള്‍ പരിസരം നന്നായി പരിശോധിച്ചശേഷമേ ക്ലാസ് തുടങ്ങാറുള്ളൂ.

ശനി, ഞായര്‍ ദിവസങ്ങളും തിങ്കളാഴ്ച കലക്ടറുടെ അവധി കൂടി കഴിഞ്ഞ് ചൊവ്വാഴ്ച സ്‌കൂള്‍ തുറന്നു പതിവുപോലെ ഹെഡ്മാസ്റ്റര്‍ വേണുകുമാറും കൗണ്‍സിലറും സ്‌കൂളിലെ കായിക അധ്യാപകനുമായ തോമസ് പി. മാത്യുവും ചേര്‍ന്നു പരിശോധിക്കുന്നതിനിടെ ശുചീകരണത്തിനെത്തിയവര്‍ കൈകഴുകാന്‍ നോക്കുമ്‌ബോള്‍ വെള്ളം ലഭിക്കാത്തതിനാല്‍ പരിശോധിച്ചപ്പോഴാണ് വാട്ടര്‍ ടാങ്കില്‍ ഒന്‍പതു നായ്ക്കുട്ടികളുടെ ജഡം കണ്ടെത്തിയത്.

ഗവ. യു.പി.എസിലെ പ്രീ പ്രൈമറി മുതല്‍ ഒന്നാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കു സ്ഥാപിച്ച ചെറിയ ടാങ്കിലാണ് നായ്കുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കൊട്ടാരക്കര നഗരസഭ, കൊട്ടാരക്കര പോലീസ്, വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ എന്നിവര്‍ക്കു പരാതി നല്‍കി.

ഇതേതുടര്‍ന്നു പോലീസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ എന്നിവര്‍ സ്‌കൂളിലെത്തി. നായ്ക്കുട്ടികളെ ജീവനോടെ ടാങ്കില്‍ ഇട്ടതാണെന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നഗരസഭാ ജീവനക്കാര്‍ എത്തി സ്‌കൂള്‍ പരിസരവും മറ്റും ശുചീകരിച്ചു.

തുടര്‍ന്ന് ടാങ്ക് മാറ്റുകയും നായ്ക്കുട്ടികളെ മറവു ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നുണ്ട്. സ്‌കൂളിനെതിരെ നിരന്തരമായി നാശനഷ്ടം വരുത്തുന്നവരെ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്ന ആവശ്യവും ശക്തമാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story