ഒന്ന് പൊട്ടിയാൽ മരണം ഉറപ്പ്; വിഴുങ്ങിയത് 19 കോടി രൂപ വില വരുന്ന 200 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ ; വിദേശവനിതയുടെ ശരീരത്തില്‍നിന്ന് മയക്കുമരുന്ന് പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു

കൊച്ചി: കോടികള്‍ വിലമതിക്കുന്ന കൊക്കെയ്ന്‍ ഗുളിക രൂപത്തില്‍ പ്ലാസ്റ്റിക് ആവരണത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ആഫ്രിക്കന്‍ വനിതയ്‌ക്കെതിരേ കേസെടുക്കുന്നതു വൈകിയേക്കും. വിദേശവനിതയുടെ ശരീരത്തില്‍നിന്നു മുഴുവന്‍ ഗുളികയും ലഭിച്ചശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ.

നിലവില്‍ ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ടാന്‍സാനിയന്‍ സ്വദേശികളായ ഒമരി അതുമാനി ജോങ്കോ, ഭാര്യ വെറോനിക്ക അഡ്രേഹെലം നിഡുങ്കുരു എന്നിവര്‍ കഴിഞ്ഞദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് ഡി.ആര്‍.ഐയുടെ പിടിയിലായത്.

നൂറോളം ഗുളികകളുടെ രൂപത്തില്‍ 1.945 കിലോ കൊക്കെയ്‌നാണ് ഒമരി അതുമാനി ജോങ്കോയുടെ ശരീരത്തില്‍നിന്നു കണ്ടെടുത്തത്. ഇതിന് 19 കോടി രൂപ വില വരും. വെറോനിക്കയുടെ ശരീരത്തിലും രണ്ടു കിലോയോളം കൊക്കെയിന്‍ ഉണ്ടെന്നാണു സൂചന. ഇതുവരെ 1.8 കിലോ പുറത്തെടുത്തെന്നാണു വിവരം.

പുരുഷന്റെ വന്‍കുടലിലും ചെറുകുടലിലുമായി കണ്ടെത്തിയത് രണ്ടു കിലോയോളം തൂക്കം വരുന്ന കാപ്സ്യൂളുകള്‍. ഒരാഴ്ചയെടുത്തു ഇത് പുറത്തെടുക്കാന്‍. ഇതിലേതെങ്കിലും കാപ്സ്യൂള്‍ പൊട്ടി കൊക്കൈന്‍ ശരീരത്തിനുള്ളിലെത്തിയാല്‍ മരണം ഉറപ്പാണെന്നറിഞ്ഞിട്ടും കോടികളുടെ ലാഭം മോഹിച്ചാണ് ഇവര്‍ 'ഹൈ റിസ്‌ക്' എടുത്തത്.

പിടിച്ചെടുത്ത മയക്കുമരുന്ന്, അറസ്റ്റിലായ ഒമരി ജോങ്കോ

ടാന്‍സാനിയയില്‍നിന്നുതന്നെ കൊക്കെയിന്‍ വിഴുങ്ങിയ ശേഷമാണ് ഇവര്‍ വിമാനം കയറിയത്. എത്യോപ്യ വഴി ദോഹയിലിറങ്ങിയ ശേഷം കൊച്ചിയിലേക്ക് വിമാനം കയറി. ഡല്‍ഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളില്‍ എത്തുന്ന ആഫ്രിക്കന്‍ സ്വദേശികളെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് പുറത്തേക്കു വിടുക. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊച്ചിയില്‍ കാര്യമായ പരിശോധനയുണ്ടാകില്ലെന്നാണ് ഇവര്‍ കരുതിയത്. കേരളത്തിലെ തിരക്കേറിയ വിമാനത്താവളമാണ് കൊച്ചി എന്നതിനാല്‍ സുഗമമായി പുറത്തുകടക്കാം എന്നും ഇവര്‍ കരുതി. എന്നാല്‍, ഡി.ആര്‍.ഐ.ക്ക് ഇവര്‍ വരുന്നതുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചിരുന്നു.

കഴിഞ്ഞ 16-ന് എത്യോപ്യയില്‍നിന്നു ദോഹ വഴി ബിസിനസ് വിസയിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും മയക്കുമരുന്നു കണ്ടെത്താനായില്ല.

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ പരിശോധന നടത്തിയപ്പോഴാണു മയക്കുമരുന്നു കണ്ടെത്തിയത്. ഒരാഴ്ചകൊണ്ടാണ് ഒമരിയുടെ ശരീരത്തില്‍നിന്നു കൊക്കെയ്ന്‍ പൂര്‍ണമായും പുറത്തെടുത്തത്. ഗുളികകളെല്ലാം പുറത്തെടുത്തു തീരാത്തതിനാല്‍ വെറോനിക്ക ഇപ്പോഴും ആശുപത്രിയിലാണ്. പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിപ്പിച്ച് വയറിളക്കിയാണു ഗുളികകള്‍ പുറത്തെടുക്കുന്നത്.

കൊച്ചിയില്‍ വന്നിറങ്ങുന്ന ആഫ്രിക്കന്‍ സ്വദേശികളെ പ്രത്യേകം നിരീക്ഷിക്കാന്‍ കസ്റ്റംസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ ആഗമന ലക്ഷ്യം, വിസ ഉള്‍പ്പെടെയുള്ള രേഖകള്‍ തുടങ്ങിയവ പ്രത്യേകം പരിശോധിക്കാനാണ് നിര്‍ദേശം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story