കെജരിവാളിന് കൂടുതല്‍ കുരുക്ക്, അറസ്റ്റ് രേഖപ്പെടുത്തി സിബിഐ
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ വെച്ചാണ് സിബിഐ കെജരിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ഇഡി എടുത്ത കേസില്‍ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി കെജരിവാള്‍ പിന്‍വലിച്ചിട്ടുണ്ട്
സിബിഐയുടെ പുതിയ കേസു കൂടി ഉള്‍പ്പെടുത്തി പുതിയ ഹര്‍ജി നല്‍കുക കണക്കിലെടുത്താണ് നേരത്തെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചത്. ഹൈക്കോടതി വിധി കൂടി ചോദ്യം ചെയ്ത് പുതിയ ഹര്‍ജി നല്‍കുമെന്ന് കെജരിവാളിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കേസില്‍ സാക്ഷിയായിട്ടാണ് കെജരിവാളിനെ സിബിഐ വിളിപ്പിച്ചതെന്നും, വിശദമായ വാദത്തിന് അവസരമൊരുക്കണമെന്നും മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ റോസ് അവന്യൂ കോടതിയില്‍ ആവശ്യപ്പെട്ടു.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലിലെത്തി കെജരിവാളിനെ സിബിഐ ഇന്നലെ വൈകീട്ട് ചോദ്യം ചെയ്തിരുന്നു. ഇഡി എടുത്ത കേസിലാണ് വ്യാഴാഴ്ച വിചാരണക്കോടതി കെജരിവാളിന് ജാമ്യം അനുവദിച്ചത്. ഇതു ചോദ്യം ചെയ്ത് ഇഡി നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ജാമ്യം സ്‌റ്റേ ചെയ്തത്. ജാമ്യം നല്‍കിക്കൊണ്ട് വിചാരണക്കോടതി ഇഡിക്കെതിരെ നടത്തിയ നിരീക്ഷണങ്ങളെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.