റഡാർ സിഗ്നൽ ലഭിച്ചിടത്ത് സോണാർ സിഗ്നലും; അർജുന്റെ ലോറിയോ? തിരയാൻ നാവികസേന

ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനു വേണ്ടിയുളള തിരച്ചിലിൽ നിർണായക സൂചന. ​ഗം​ഗാവാലി പുഴയിൽ റഡാർ സി​ഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ സോണാർ സിഗ്നലും ലഭിച്ചു.…

ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനു വേണ്ടിയുളള തിരച്ചിലിൽ നിർണായക സൂചന. ​ഗം​ഗാവാലി പുഴയിൽ റഡാർ സി​ഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ സോണാർ സിഗ്നലും ലഭിച്ചു. നാവികസേന നടത്തിയ തിരച്ചിലിലാണ് ഈ സോണാർ സിഗ്നൽ കിട്ടിയത്. അർജുനു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ച് എട്ടാം ദിവസമാണ് പ്രതീക്ഷ നൽകുന്ന വിവരം പുറത്തുവരുന്നത്.

വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണു സോണാർ. കണ്ടെത്തിയ രണ്ടു സിഗ്നലുകളും വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാൽ അവിടം കേന്ദ്രീകരിച്ചാകും നാവികസേനയുടെ ബുധനാഴ്ചത്തെ തിരച്ചിൽ.

ഈ സിഗ്നലില്‍ രണ്ട് സാധ്യതകളുണ്ടെന്നാണ് വിലയിരുത്തൽ. മെറ്റൽ ടവർ മറിഞ്ഞു പുഴയിൽ വീണതായി വിവരമുണ്ട്. ചിലപ്പോള്‍ അതാകാം. അല്ലെങ്കിൽ അർജുന്റെ ലോറി ആകാം. ശക്തമായ അടിയൊഴുക്ക് മൂലമാണ് ചൊവ്വാഴ്ച ഈ പ്രദേശത്ത് ഇറങ്ങാൻ കഴിയാതിരുന്നത്. ഐബോഡ് എന്ന ഉപകരണം ഉപയോഗിച്ചും ഈ പ്രദേശം പരിശോധിക്കും. ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പക്കൽ നിന്നാണ് ഐബോഡ് വാടകയ്ക്ക് എടുക്കുന്നത്. 2.4 കിലോമീറ്ററാണ് നിരീക്ഷണപരിധി.

അതേസമയം, ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തരാണെന്ന് അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. അര്‍ജുനെ കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരണമെന്നും സഹോദരി അഞ്ജു ആവശ്യപ്പെട്ടു. ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story