സ്ത്രീകള്‍ക്കായി പുതിയ ഹോണ്ട ആക്ടിവ ഐ 2018
നവീകരിച്ച 2018 ഹോണ്ട ആക്ടിവഐ വിപണിയിലെത്തി. 50,010 രൂപയാണ് പുതിയ ആക്ടിവഐയ്ക്ക് വിപണിയില്‍ വില (എക്‌സ്‌ഷോറൂം ദില്ലി). പുറംമോടിയിലുള്ള ചെറിയ മിനുക്കുപ്പണികളും കൂടുതല്‍ ഫീച്ചറുകളും പുതിയ സ്‌കൂട്ടറിന്റെ പ്രധാന ആകര്‍ഷണീയതയാണ്.
സാധാരണ ആക്ടിവയെ അപേക്ഷിച്ചു മെലിഞ്ഞ ആകാരമാണ് ആക്ടിവഐയ്ക്ക്. മോഡലിന് ഭാരവും കുറവാണ്. സ്ത്രീകളെ ലക്ഷ്യമിട്ടാണ് ആക്ടിവഐയെ ഹോണ്ട വിപണിയില്‍ കൊണ്ടുവരുന്നത്.
പുതിയ 2018 ഹോണ്ട ആക്ടിവഐയില്‍ അഞ്ചു നിറങ്ങള്‍ ലഭിക്കും. ക്യാന്‍ഡി ജാസി ബ്ലൂ, ഇംപീരിയല്‍ റെഡ് മെറ്റാലിക്, ലഷ് മജെന്ത മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രെയ് മെറ്റാലിക്, ഓര്‍ക്കിഡ് പര്‍പ്പിള്‍ മെറ്റാലിക് നിറങ്ങള്‍ മോഡലില്‍ തെരഞ്ഞെടുക്കാം.
പുതിയ ഇരട്ടനിറ ശൈലികളും ബോഡി ഗ്രാഫിക്‌സും സ്‌കൂട്ടറിന് പുതുമ നല്‍കും. ലോഹ നിര്‍മ്മിത മഫഌ പ്രൊട്ടക്ടര്‍ കാഴ്ചയില്‍ ശ്രദ്ധയാകര്‍ഷിക്കും. സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച് ഉള്‍പ്പെടുന്ന ഫോര്‍ ഇന്‍ വണ്‍ ലോക്ക് സംവിധാനവും പുതിയ ആക്ടിവഐയുടെ വിശേഷമാണ്.
സാധനങ്ങള്‍ കൊളുത്തിയിടാന്‍ മുന്നില്‍ പുതിയ കൊളുത്തും കമ്ബനി ഇത്തവണ നല്‍കിയിട്ടുണ്ട്. ബോഡി നിറമുള്ള മിററുകള്‍, ഡയനാമിക് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 18 ലിറ്റര്‍ സ്‌റ്റോറേജ്, മൊബൈല്‍ ചാര്‍ജ്ജിംഗ് എന്നിവ ആക്ടിവഐയുടെ മറ്റു പ്രത്യേകതകളാണ്.
സ്‌കൂട്ടറില്‍ വൈവിധ്യമാര്‍ന്ന ആക്‌സസറി നിരയും ഹോണ്ട അവതരിപ്പിക്കുന്നുണ്ട്. അതേസമയം 109.19 സിസി നാലു സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് പുതിയ മോഡലിലും തുടരുന്നത്. എഞ്ചിന്‍ 8 bhp കരുത്തും 8.94 Nm torque ഉം പരമാവധി സൃഷ്ടിക്കും.
10 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളാണ് ആക്ടിവഐയിലുള്ളത്. 130 mm ഡ്രം ബ്രേക്കുകള്‍ മുന്നിലും പിന്നിലും ബ്രേക്കിംഗ് നിറവേറ്റും. കോമ്ബി ബ്രേക്കിംഗ് സംവിധാനത്തിന്റെ പിന്തുണ സ്‌കൂട്ടറിനുണ്ട്.