കടലോരം വീണ്ടും സജീവമാകുന്നു: ട്രോളിംഗ് നിരോധനം നാളെ അവസാനിക്കും

കണ്ണൂര്‍: വറുതിയുടെ കാലത്തിന് വിടനല്‍കി സംസ്ഥാനത്തെ കടലോരം നാളെ മുതല്‍ സജീവമാകും. ജൂണ്‍ ഒന്‍പതിന് അര്‍ധരാത്രി മുതല്‍ ആരംഭിച്ച ട്രോളിംഗ് നിരോധനം നാളെ അവസാനിക്കുകയാണ്. കണ്ണൂര്‍ ആയിക്കര, തലശേരി തലായി, അഴീക്കല്‍ തുടങ്ങിയ ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനുള്ള തയാറെടുപ്പിലാണ്.

ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് കരയ്ക്കു കയറ്റിയിട്ട ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയും വലകളുടെയും വള്ളത്തിന്റെയും കേടുപാടുകള്‍ തീര്‍ത്തും മത്സ്യബന്ധനത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ് തൊഴിലാളികള്‍. ഇതര സംസ്ഥാനങ്ങളിലെ ബോട്ടുകളും ഇന്നലെമുതല്‍ എത്തിത്തുടങ്ങി.

കര്‍ണാടകം, തമിഴ്‌നാട്, തുത്തുക്കുടി എന്നിവിടങ്ങളിലെ മത്സ്യബന്ധന ബോട്ടുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഹാര്‍ബറുകളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ തീരത്ത് എത്തിയതോടെ കടലോരം സജീവമായി. വിവിധ സ്ഥലങ്ങളിലെ ഐസ് പ്ലാന്റുകളും പ്രവര്‍ത്തനമാരംഭിച്ചു. തുടക്കത്തില്‍ നല്ല ചാകരയാണ് പ്രതീക്ഷിക്കുന്നതെന്ന് ആയിക്കരയിലെ മത്സ്യത്തൊഴിലാളി ജോര്‍ജ് പറയുന്നു. അയല, മത്തി, ചെമ്മീന്‍, സ്രാവ്, തെരണ്ടി തുടങ്ങിയ മീനുകളുണ്ടാകുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ.

ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയതോടെ മത്സ്യലഭ്യത കുറഞ്ഞിരുന്നു. ഇതു മുതലെടുക്കാന്‍ ചില സംഘങ്ങള്‍ വിഷമത്സ്യങ്ങള്‍ ജില്ലയിലേക്ക് കയറ്റിവിട്ട സംഭവവുമുണ്ടായി. ഭക്ഷ്യസുരക്ഷാ വിഭാഗം ഇക്കാര്യത്തില്‍ കര്‍ശന നിലപാട് എടുത്തതോടെ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യവരവ് കുറഞ്ഞു. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണവും ശക്തമായതോടെ നാട്ടുകാര്‍ ഇതര സംസ്ഥാനങ്ങളിലെ മീനുകള്‍ വാങ്ങാതെയായി.

തോണിയില്‍ കൊണ്ടുവരുന്ന മീനുകളും ഉണക്കമീനുകളുമാണ് ജനങ്ങള്‍ ഏറെ ആശ്രയിച്ചത്. നാടന്‍ ബോട്ടുകളടക്കം 500 ഓളം ബോട്ടുകളാണ് ജില്ലയില്‍ മത്സ്യബന്ധനം നടത്തുന്നതെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് ആരംഭിച്ച് ജൂലൈ 31 വരെ 47 ദിവസമായിരുന്നു ട്രോളിംഗ് നിരോധനം. ഇത്തവണ അഞ്ചു ദിവസം കൂടുതലായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story