
പാക്കിസ്ഥാന് വെളളം കൊടുക്കാതെ വെള്ളം കുടിപ്പിക്കാന്‍ ഇന്ത്യ : സിന്ധു നദീജല കരാർ മരവിപ്പിച്ചത് കർശനമായി നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ
April 25, 2025പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ചത് കർശനമായി നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചിരുന്നു. ഇതിന്റെ തുടർ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. കൂടുതൽ വെള്ളം സംഭരിക്കാൻ കഴിയുന്ന തരത്തിൽ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അണക്കെട്ടുകളുടെ സംഭരണശേഷി വർധിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 1960ൽ സിന്ധു നദീജല കരാറിന് മധ്യസ്ഥത വഹിച്ച ലോകബാങ്കിനെ കരാറിൽനിന്ന് പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് അറിയിക്കും.
അതേസമയം, പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം നൽകില്ലെന്നു ജലശക്തി മന്ത്രി സി.ആര്‍.പാട്ടീല്‍ പറഞ്ഞു. സിന്ധു നദിയിലെ വെള്ളം തടയാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും നദികൾ വഴിതിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം കരാർ താൽക്കാലികമായി മരവിപ്പിക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ജലം നിഷേധിക്കുന്നത് യുദ്ധസമാനമാണെന്നായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം.