
കശ്മീരിലേത് ആയിരം വര്‍ഷമായി നടക്കുന്ന പോരാട്ടം; വിചിത്ര വാദവുമായി ട്രംപ്
April 26, 2025ഇന്ത്യയുമായും പാകിസ്ഥാനുമായും തനിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആയിരം വര്‍ഷമായി അവര്‍ കശ്മീരില്‍ പോരാടുകയാണെന്നും ട്രംപ് പറഞ്ഞു.
കശ്മീര്‍ വിഷയം ആയിരം വര്‍ഷമായി തുടരുകയാണെന്നും, ഒരുപക്ഷേ, അതില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ ഉണ്ടെന്നുമായിരുന്നു ട്രംപിന്റെ വിചിത്ര വാദം. പഹല്‍ഗാമില്‍ നടന്നത് ദാരുണമാണെന്നും ട്രംപ് അപലപിച്ചു. 1,500 വർഷമായി ആ അതിർത്തിയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ട്. അത് എപ്പോഴും അങ്ങനെ തന്നെയായിരുന്നു. ഇരുരാജ്യങ്ങളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രശ്‌നം പരിഹരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു
രണ്ട് നേതാക്കളെയും തനിക്ക് അറിയാം. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ട്രംപ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു.
ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ അദ്ദേഹം ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അറിയിച്ചിരുന്നു. ചൊവ്വാഴ്ച കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബൈസരൻ പുൽമേട്ടിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് മരിച്ചത്.
കുതിരസവാരിക്കാരന്‍ കസ്റ്റഡിയില്‍
അതിനിടെ, വിനോദസഞ്ചാരിയോട് മതങ്ങളെക്കുറിച്ച് ചോദിച്ചെന്ന ആരോപണത്തിന് പിന്നാലെ കുതിരസവാരിക്കാരനെ പൊലീസ് ജമ്മു കശ്മീരില്‍ കസ്റ്റഡിയിലെടുത്തു. ഗന്ദർബാലിലെ ഗോഹിപോറ റൈസാൻ നിവാസിയായ അയാസ് അഹമ്മദ് ജംഗലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പഹല്‍ഗാം ഭീകരാക്രമണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നടക്കം അന്വേഷിക്കുന്നുണ്ട്. യുപി സ്വദേശിനി ഉന്നയിച്ച ആരോപണത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഏത് മതമാണ് ഇഷ്ടം, ഖുറാന്‍ വായിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഇയാള്‍ ചോദിച്ചു. ഫോണില്‍ തോക്കിനെക്കുറിച്ച് സംസാരിച്ചു. താന്‍ ശ്രദ്ധിക്കുന്നത് മനസിലാക്കിയ ഇയാള്‍ പിന്നെ വേറൊരു ഭാഷയിലാണ് സംസാരിച്ചതെന്നും യുവതി ആരോപിച്ചിരുന്നു.