പുതിയ കാറിൽ ‘6E’ ഉപയോഗിച്ചു; മഹീന്ദ്ര കമ്പനിക്കെതിരെ കേസ്

പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഇലക്ട്രിക് വാഹനത്തിൻ്റെ പേരിനൊപ്പം ‘6E’ എന്ന് ചേർത്തതിന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്‌ക്കെതിരെ കേസ്. അടുത്ത വർഷം ആദ്യം വിപണിയിൽ എത്തുന്ന മഹീന്ദ്ര BE 6E കാറിൻ്റെ പേരാണ് തർക്ക വിഷയം. ട്രേഡ്മാർക്ക് ലംഘനം ആരോപിച്ച് ഇൻഡിഗോ എയർലൈൻസാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ മാസം ഒമ്പതിന് കോടതി വാദം കേൾക്കും.

2015ൽ ‘6E Link’ എന്ന ട്രേഡ്മാർക്ക് (trademark) അവകാശം ഇൻഡിഗോ എയർലൈൻസ് സ്വന്തമാക്കിയെന്നാണ് അവകാശവാദം. ഇൻഡിഗോ യാത്രക്കാർക്ക് നൽകുന സേവനങ്ങളെ സൂചിപ്പിക്കാനാണ് 6E ഉപയോഗിക്കുന്നത്. 6E പ്രൈം (സീറ്റ് സെലക്ഷൻ, മുൻഗണനാ ചെക്ക്-ഇൻ, ലഘുഭക്ഷണങ്ങൾ), 6E ഫ്ലെക്സ് (ഫ്ലെക്സിബിൾ റീഷെഡ്യൂളിംഗും ക്യാൻസലേഷനുകളും), ബാഗേജ് ഓപ്ഷനുകളും ലോഞ്ച് ആക്സസ് ഉൾപ്പെടെയുള്ള അധിക 6E-ബ്രാൻഡഡ് സർവീസുകളും സൂചിപ്പിക്കാനാണ് ഈ ട്രേഡ്മാർക്ക് ഉപയോഗിക്കുന്നത് എന്നാണ് ഇൻഡിഗോ പറയുന്നത്.

മഹീന്ദ്ര BE 6E അടുത്ത വർഷം ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് നിയമനടപടികളുമായി ഇൻഡിഗോ എത്തിയത്. കഴിഞ്ഞ മാസം 25 ന് ‘BE 6E’യ്ക്ക് അംഗീകാരം ലഭിക്കാൻ ട്രേഡ്മാർക്ക് രജിസ്ട്രാർക്ക് അപേക്ഷ നൽകിയിരുന്നു. ഇതുസരിച്ച് ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് ‘6E’ മാർക്ക് ഉപയോഗിക്കാനുള്ള അവകാശം രജിസ്ട്രേഷൻ മഹീന്ദ്രയ്ക്ക് നൽകാനുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് എയർലൈൻ കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇൻഡിഗോയുടെ ട്രേഡ് മാർക്ക് ‘6E Link’ എന്നാണെന്നും ‘BE 6E ‘ എന്നതാണ് കമ്പനിയുടേതെന്നും മഹീന്ദ്ര പറയുന്നു. രണ്ടും തമ്മിൽ വലിയ വ്യത്യാസങ്ങളാനുള്ളതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Related Articles
Next Story