അടിപ്പാതയിലെ വെള്ളത്തിൽ കാര്‍ മുങ്ങി; എച്ച്‌ഡിഎഫ്‌സി മാനേജർക്കും കാഷ്യർക്കും ദാരുണാന്ത്യം

ഹരിയാനയിലെ ഫരീദാബാദിലുണ്ടായ വെള്ളപ്പൊക്കത്തിൽ ബാങ്ക് മാനേജരും കാഷ്യറും മരിച്ചു


ഹരിയാനയിലെ ഫരീദാബാദിലുണ്ടായ വെള്ളപ്പൊക്കത്തിൽ ബാങ്ക് മാനേജരും കാഷ്യറും മരിച്ചു. ഗുരുഗ്രാമിലെ എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ മാനേജരായിരുന്ന പുണ്യശ്രേയ ശർമയും കാഷ്യറായിരുന്ന വിരാജ് ദ്വിവേദിയുമാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം മഹീന്ദ്ര എക്‌സ്‌യുവി 700 കാറിൽ ഇരുവരും വീടുകളിലേക്ക് മടങ്ങുകയായിരുന്നു.


യാത്രാമധ്യേ ഓൾഡ് ഫരീദാബാദിലെ റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ ഇവര്‍ സഞ്ചരിച്ച കാര്‍ കുടുങ്ങുകയായിരുന്നു. വാഹനം വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയതിനെ തുടർന്ന് ഇരുവരും വാഹനത്തിൽ നിന്ന് ഇറങ്ങി നീന്തി രക്ഷപെടാൻ ശ്രമിച്ചിരുന്നു. ശർമയുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തെങ്കിലും ഇന്നാണ് ദ്വിവേദിയുടെ ശരീരം ലഭിച്ചത്.

തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിലെ ന്യൂനമർദം കാരണം ഡൽഹിയിലും ഹരിയാന അതിർത്തിയിലും കനത്ത മഴ തുടരുകയാണ്. പല ഭാഗങ്ങളിലും ഗതാഗതക്കുരുക്കും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗുരു ഗ്രാം, ഹീറോ ഹോണ്ട ചൗക്ക്, രാജീവ് ചൗക്ക്, ഇഫ്‌കോ ചൗക്ക് എന്നിവിടങ്ങൾ വെള്ളത്തിൽ മുങ്ങി.

Related Articles
Next Story