ഹമാസിന് വേണ്ടി പ്രതിഷേധിക്കാൻ ആളുണ്ടായി; അവർക്കെന്തുകൊണ്ട് ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾ കാണാൻ കഴിയുന്നില്ലെന്ന് മുൻ ഡിജിപി

1971 ലും ബംഗ്ലാദേശിൽ കൊന്നൊടുക്കപ്പെട്ടത് ഹിന്ദുക്കളാണെന്ന് ടി.പി. സെൻകുമാർ

ഹമാസിന് വേണ്ടി പ്രതിഷേധിക്കാൻ ഇവിടെ ആളുണ്ടായി. അവർക്കെന്തുകൊണ്ട് ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾ കാണാൻ കഴിയുന്നില്ലെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1971 ലും ബംഗ്ലാദേശിൽ കൊന്നൊടുക്കപ്പെട്ടത് ഹിന്ദുക്കളാണെന്ന് ടി.പി. സെൻകുമാർ പറഞ്ഞു. ഹിന്ദു ജനസംഖ്യ 8 ശതമാനത്തിലേക്ക് കുറഞ്ഞു. ബംഗ്ലാദേശിനെ പുരോഗതിയിലേക്ക് നയിച്ചത് ഭാരതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനിച്ച മണ്ണിൽ ഉറച്ചു നിൽക്കുമെന്ന് തീരുമാനമെടുത്ത ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ഭാരതം പിന്തുണ നൽകണമെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ആർഎസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണൻ പറഞ്ഞു. ബംഗ്ലാദേശിലെ പോരാട്ടം അഖണ്ഡ ഭാരതം സാക്ഷാത്കരിക്കാൻ കൂടി വേണ്ടിയാണെന്നും ഭാരതവും ലോകവും അവർക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ വിഭജനത്തിന് മുമ്പ് തന്നെ ഇന്നത്തെ പാകിസ്ഥാൻ, ബംഗ്ലാദേശ് പ്രദേശങ്ങളിൽ ഹിന്ദു വംശ ഹത്യ നടന്നിട്ടുണ്ട്. ഹിന്ദു സമൂഹത്തിന് ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളിലാണ് കലാപങ്ങളുണ്ടായത്. മുസ്ലിം വിഭാഗത്തിലുണ്ടാകുന്ന അസ്വസ്ഥതകളാണ് ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളായി കലാശിക്കുന്നത്. ബംഗ്ലാദേശ് എന്നും ഇസ്ലാമിക രാജ്യം. മതേതരത്വത്തിന്റെ മുഖം മൂടി ഇപ്പോൾ അഴിഞ്ഞ് വീണെന്ന് മാത്രമേയുളളൂവെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദു സമൂഹം കക്ഷിയല്ലാത്ത വിഷയങ്ങളിൽ അവർ ആക്രമിക്കപ്പെടുന്നു. നമ്മുടെ നാട്ടിലെ മാധ്യമങ്ങളും രാഷ്‌ട്രീയ.നേതാക്കളുമോന്നും ഹിന്ദുവിന്റെ രക്ഷയ്‌ക്ക് വരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകം മതഭീകരവാദത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണെന്ന് കാലടി അദ്വൈതാശ്രമം മഠാധിപതി സ്വാമി ഹരിഹരാനന്ദ പറഞ്ഞു. മാദ്ധ്യമങ്ങളെയും രാഷ്‌ട്രീയക്കാരെയും അവർ വിലയ്‌ക്കെടുത്ത് കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി നേതാവ് പ്രൊഫ. വിടി രമയും പരിപാടിയിൽ പങ്കെടുത്തു.

Related Articles
Next Story