ലോറിയിലെ തടികെട്ടിയ കയര്‍ കണ്ടെത്തി; അര്‍ജുനായി അവസാനവട്ട തിരച്ചില്‍; ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമം
ബംഗളൂരു: ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്‍ ഒാടിച്ച ലോറിയില്‍ തടി കെട്ടിയ കയര്‍ കണ്ടെത്തി. നേവി നടത്തിയ തിരച്ചിലിലാണ് കയര്‍ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു. അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നാണ് മനാഫ് പറയുന്നത്. തിരച്ചിലില്‍ കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങള്‍ നേവി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.
കാണാതായ അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ താത്കാലികമായി ഇന്നവസാനിപ്പിക്കും. പത്തിലേറെ തവണ ഈശ്വര്‍ മാല്‍പേ പുഴയിലിറങ്ങി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേവി സംഘവും പുഴയില്‍ ഇറങ്ങി പരിശോധന തുടരുകയാണ്. അടിത്തട്ടിലെ മണ്ണ് തിരച്ചിലില്‍ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തിരച്ചിലില്‍ ഇതുവരെ ശുഭ സൂചനങ്ങള്‍ ഒന്നുമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നാളെ തിരച്ചില്‍ ഉണ്ടാവില്ല. തിരച്ചില്‍ മറ്റന്നാള്‍ പുനരാരംഭിക്കും.