പാർട്ടി സമ്മേളനങ്ങളിൽ ആർഭാടം വേണ്ട; പൊതിച്ചോർ നൽകണം, വലിയ കട്ടൗട്ടുകൾ ഒഴിവാക്കണമെന്ന് സി.പി.എം

തിരുവനന്തപുരം: ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ ആർഭാടം ഒഴിവാക്കണമെന്ന നിർദേശവുമായി സി.പി.എം. സംസ്ഥാന കമ്മിറ്റിയാണ് കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയത്. സമ്മേളനത്തിന്റെ നടത്തിപ്പിലും പ്രചാരണത്തിലും ആർഭാടം ഒഴിവാക്കണം. സമ്മേളനങ്ങളിലെ ആർഭാടം ചർച്ചയായ സാഹചര്യത്തിൽ കൂടിയാണ് സി.പി.എം നിർദേശം.

ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോർ നൽകണമെന്നതാണ് സി.പി.എമ്മിന്റെ പ്രധാന നിർദേശം. പ്രചാരണത്തിൽ ആർച്ചും കട്ടൗട്ടും ഒഴിവാക്കണം. പാർട്ടി പ്രതിനിധികൾക്ക് വിലകൂടിയ ബാഗുകളോ മറ്റ് സമ്മാനങ്ങളോ നൽകരുത്. ​ലോക്കൽ കമ്മിറ്റി നിശ്ചയിച്ച തീയതിയിൽ തന്നെ സമ്മേളനം നടത്തണം എന്നിവയാണ് സി.പി.എമ്മിന്റെ മറ്റ് പ്രധാന നിർദേശങ്ങൾ.

സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാവും സി.പി.എമ്മിന്റെ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ നടക്കുക. നവംബറിൽ ഏരിയ സമ്മേളനവും ഡിസംബർ, ജനുവരി മാസങ്ങളിൽ ജില്ലാ സമ്മേളനവും നടക്കും. ഫെബ്രുവരിയിലാണ് സംസ്ഥാന സമ്മേളനം. ഏപ്രിലിൽ പാർട്ടി കോൺഗ്രസ് നടക്കും.

നേരത്തെ പാർട്ടിയുടെ അടിസ്ഥാനഘടകമായ ബ്രാഞ്ചുകളിൽ നേതൃത്വം ദുർബലമാണെന്ന വിലയിരുത്തൽ സി.പി.എം നടത്തിയിരുന്നു. പല ബ്രാഞ്ച് സെക്രട്ടറിമാർക്കും ശരാശരി നിലവാരം മാത്രമാണ് ഉള്ളതെന്നും പാർട്ടി കണ്ടെത്തിയിട്ടുണ്ട്.

നേതൃശേഷിയുള്ളവരെ ബ്രാഞ്ചിലേക്ക് തെരഞ്ഞെടുക്കണം. ഏരിയ സെക്രട്ടറിമാർ പാർട്ടിക്കായി മുഴുവൻ സമയവും പ്രവർത്തിക്കണം. സഹകരണ ബാങ്ക് ജീവനക്കാർ, സഹകരണ ബാങ്ക് സെക്രട്ടറിമാർ, അഭിഭാഷകർ തുടങ്ങിയവർ ലോക്കൽ തലങ്ങളിൽ നേതൃത്വത്തിലെത്തിയാൽ ചുമതല കൃത്യമായി നിർവഹിക്കാത്ത സാഹചര്യമുണ്ടെന്നും സി.പി.എം വിലയിരുത്തുന്നു.

Related Articles
Next Story