അമേരിക്കയുടെ അടുത്ത പ്രസിഡൻ്റ് ....അതേ അത് ട്രംപാണ്, ട്രംപിന്റെ രണ്ടാം വരവ് സമഗ്രാധിപത്യത്തോടെ

"സ്ത്രീകൾ കൂട്ടത്തോടെ കമലയെ പിന്തുണയ്ക്കും എന്ന വാദവും പൊളിഞ്ഞു... ബൈഡനു കിട്ടിയ അത്രപോലും പെൺവോട്ടുകൾ കമലയ്ക്കു കിട്ടിയില്ല"

അമേരിക്കയില്‍ ഇനി ട്രംപ് യുഗം. കഴിഞ്ഞ തവണത്തെ തോല്‍വിക്ക് ശേഷം വീണ്ടും അധികാരത്തിലെത്തുന്ന നേതാവെന്ന അപൂര്‍വ നേട്ടവുമായാണ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുന്നത്. 20 വര്‍ഷത്തിനിടെ ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാണ് ട്രംപ്.


2004-ല്‍ ജോര്‍ജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഇലക്ടറല്‍ കോളേജിന് പുറമേ പോപ്പുലര്‍ വോട്ടും നേടി പ്രസിഡന്റാവുന്നത്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആധിപത്യം നേടി.

തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ അമേരിക്കൻ ജനതയ്ക്ക് ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയുടെ ‘സുവർണ്ണ കാലഘട്ടം’ ഇതായിരിക്കുമെന്ന് പറഞ്ഞ ട്രംപ് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണിതെന്നും അവകാശപ്പെട്ടു. അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ആണെന്ന് ഡോണൾഡ് ട്രംപ് പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. ഭാര്യ മെലാനിയയ്ക്കും കുടുംബത്തിനും ട്രംപ് നന്ദി പറഞ്ഞു. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.

അമേരിക്കയെ 'ചുവപ്പിച്ചാണ്' റിപ്പബ്ലിക്കന്‍ നേതാവും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ് അധികാരം ഉറപ്പിച്ചത്. ട്രംപിന് 267 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 270 വോട്ടുകളാണ് വേണ്ടത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്.

ട്രംപിനെ തടയാൻ ഒരിക്കൽ പോലും കമല ഹാരിസ് എന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിക്ക് ആയില്ല. ഇഞ്ചോടിഞ്ച് എന്ന എല്ലാവരും കരുതിയ തിരഞ്ഞെടുപ്പിൽ ട്രംപ് വ്യക്തമായി തന്നെ മുന്നേറി.സ്ത്രീകൾ കൂട്ടത്തോടെ കമലയെ പിന്തുണയ്ക്കും എന്ന വാദവും പൊളിഞ്ഞു. ബൈഡനു കിട്ടിയ അത്രപോലും പെൺവോട്ടുകൾ കമലയ്ക്കു കിട്ടിയില്ല.

രണ്ടു തവണ അമേരിക്കയുടെ പ്രസിഡൻ്റ് പദത്തിലേക്ക് എത്തുകയാണ് ട്രംപ്. താൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് വലിയൊരു ദൌത്യം നിറവേറ്റാനാണ് എന്നാണ് ട്രംപ് ഈ രാത്രി തൻ്റെ ആരാധക വൃന്ദത്തോട് പറഞ്ഞത്. ഒരു പുതിയ നക്ഷത്രം ഉദയം ചെയ്തിരിക്കുന്നു എന്ന് ട്രംപ് ആരാധകൻ ശതകോടീശ്വരൻ ഇലോൺ മസ്കും പറഞ്ഞു.

Related Articles
Next Story