ഷിരൂരിൽ തിരച്ചിലിനിടെ അസ്ഥി കണ്ടെത്തി; ഫൊറൻസിക് പരിശോധന
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ 3 പേർക്കായുള്ള തിരച്ചിലിൽ അസ്ഥി കണ്ടെത്തി. മനുഷ്യന്റെ അസ്ഥിയാണ് കണ്ടെത്തിയത് എന്നാണ് സംശയം. ഫൊറൻസിക് പരിശോധനയ്ക്കായി അസ്ഥി ലാബിലേക്ക് മാറ്റി.
ഗംഗാവലി പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. ഇക്കാര്യം സതീഷ് സെയിൽ എംഎൽഎ സ്ഥിരീകരിച്ചു. അസ്ഥി എഫ്എസ്എൽ ലാബിലേക്ക് അയയ്ക്കണം. മനുഷ്യന്‍റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്‍റേത് ആണോ എന്ന് പരിശോധനയിൽ മാത്രമേ വ്യക്തമാകൂ. ഇതിനു ചുരുങ്ങിയത് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും സതീഷ് സെയിൽ പറഞ്ഞു.
അർജുനു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ പറഞ്ഞിരുന്നു. വെള്ളത്തിൽ മുങ്ങിയുള്ള തിരച്ചിലിന് അനുമതി നൽകാത്തതിനെ തുടർന്നാണ് മൽപെയും സംഘവും മടങ്ങിയത്. ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ച മൽപെ അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.