വെടിനിർത്തൽ ചർച്ചക്കിടയിലും ഗസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍

കഴിഞ്ഞ ദിവസം വെടിനിർത്തൽ ചർച്ചകൾ എവിടെയുമെത്താതെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മടങ്ങിയിരുന്നു

ഗാസ: ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ സംഘം കെയ്റോയിലെത്തി. ഈജിപ്ത് ഗാസ അതിര്‍ത്തി പ്രശ്നവും ചർച്ചാ വിഷയമാകുമെന്നാണ് സൂചന. അതേ സമയം വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയും ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. ഇന്നലെ മധ്യ ഗാസയിലും ഖാന്‍ യൂനിസ് പ്രവിശ്യയിലും നടത്തിയ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 47 പേര്‍ കൊല്ലപ്പെട്ടു. 124 പേർക്ക് പരിക്കേറ്റു. മധ്യ ഗാസയിൽ ദെയ്ർ അൽബലഹിൽ കൂടുതൽ മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകാനും ഇസ്രയേൽ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വെടിനിർത്തൽ ചർച്ചകൾ എവിടെയുമെത്താതെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മടങ്ങിയിരുന്നു. വെടിനിർത്തൽ കരാർ ഇസ്രയേൽ അംഗീകരിച്ചിട്ടും ഹമാസ് വഴങ്ങുന്നില്ലെന്നാണ് ബ്ലിങ്കന്റെ കുറ്റപ്പെടുത്തൽ. എന്നാൽ, ജൂലൈ രണ്ടിന് ബൈഡൻ മുന്നോട്ടുവെച്ച എല്ലാ നിബന്ധനകളും അംഗീകരിച്ചുള്ള കരാറിന് മാത്രമേ തങ്ങളുള്ളൂവെന്നും ഇസ്രായേൽ പുതിയ നിബന്ധനകൾ വെച്ച് വെടിനിർത്തൽ നടപ്പാകുന്നില്ലെന്ന് ഉറപ്പാക്കുകയാണെന്നും ഹമാസ് പ്രതികരിച്ചു

മൂന്നുഘട്ടത്തിലായി വെടിനിർത്തലും ഗസ്സയിൽനിന്ന് പൂർണ സൈനിക പിൻമാറ്റവും നടത്തുന്നതിന് പകരം എല്ലാ ബന്ദികളെയും നിരവധി ഫലസ്തീനി തടവുകാരെയും വിട്ടയക്കുന്നതാണ് ബൈഡൻ മുന്നോട്ടുവെച്ച കരാർ

എന്നാൽ, ആറാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ മാത്രമാണ് നെതന്യാഹു അംഗീകരിക്കുന്നത്. പകരം എല്ലാ ബന്ദികളെയും ഹമാസ് വിട്ടയക്കണം. ഗാസയിലും ഈജിപ്ത് അതിർത്തിയിലും തെക്കുവടക്കൻ ഗാസകൾക്കിടയിലെ നെറ്റ്സാറിം ഇടനാഴിയിലും സൈനിക സാന്നിധ്യം തുടരുകയും ചെയ്യും. ഇതത്രയും അംഗീകരിച്ച് ഹമാസ് വെടിനിർത്തലിന് തയാറാകണമെന്ന ആവശ്യം പക്ഷേ, അംഗീകരിക്കില്ലെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. വടക്കൻ ഗസ്സയിലേക്ക് മടങ്ങിപ്പോകാൻ ഫലസ്തീനികൾക്ക് അനുമതി നൽകില്ലെന്ന നിലപാടും ഈജിപ്ത് അതിർത്തിയിലെ ഫിലഡെൽഫി ഇടനാഴിയിലെ ഇസ്രായേൽ സൈനിക നിയന്ത്രണവും കീറാമുട്ടികളായി തുടരുകയാണ്.

അതേസമയം, ഒക്ടോബർ ഏഴിന് 240 ഓളം പേരെ ഹമാസ് ബന്ദികളാക്കിയതിൽ 100 പേരെ നേരത്തേ താൽക്കാലിക വെടിനിർത്തലിന്റെ ഭാഗമായി വിട്ടയച്ചിരുന്നു. 10 മാസത്തിനിടെ ഇസ്രായേൽ ആക്രമണങ്ങളിൽ 56 തടവുകാർ കൊല്ലപ്പെടുകയും ചെയ്തു. അവശേഷിച്ചവരെ കണ്ടെത്താൻ ഇനിയും ഇസ്രായേലിനായിട്ടില്ല. ഇവരെ തിരിച്ചെത്തിക്കാനെന്ന പേരിൽ ഗസ്സയിൽ തുടരുന്ന വംശഹത്യയിൽ ഇതുവരെ 41000 പേർ ഔദ്യോഗിക കണക്കുകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിൽ പുറത്തെടുക്കാനാകാതെ 10,000ലേറെ പേരും ഒരു ലക്ഷത്തോളം പരിക്കേറ്റവരും ഇതിന് പുറമെയുമെണ്ടെന്നാണ് വിവരം.

Related Articles
Next Story