ഷിരൂർ മണ്ണിടിച്ചിൽ: അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടി ഇന്നും തിരച്ചിൽ തുടരും. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ തിരച്ചിൽ പുനഃരാരംഭിക്കും. ഇന്നലെ നടത്തിയ തിരച്ചിലിൽ അർജുൻ ഓടിച്ചിരുന്ന ലോറിയുടെത് എന്ന് കരുതുന്ന ജാക്കി കണ്ടെത്തിയിരുന്നു.

ഗംവാവലി പുഴയിലാണ് തിരച്ചിൽ നടത്തുന്നത്. പുഴയിൽ ഒഴുക്ക് കുറഞ്ഞതോടെയാണ് നേരത്ത നിർത്തിവെച്ച തിരച്ചിൽ പുനരാരംഭിച്ചത്. മുങ്ങൽ വിദഗ്‌ദൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ ചായക്കട ഉണ്ടായിരുന്ന ഭാഗത്താണ്‌ ഇന്നലെ തിരച്ചിൽ നടത്തിയത്. ഇവിടെ നിന്നാണ് ലോറിയുടെ വീൽ ജാക്കി കണ്ടെത്തിയത്‌. അർജുൻ ഓടിച്ച ലോറിയുടെ ജാക്കിയാണ്‌ ഇതെന്ന്‌ ഉടമ മനാഫ്‌ പറയുന്നു.

ജൂലായ് 16-ന് രാവിലെയാണ് കർണാടക-ഗോവ അതിർത്തിയിലൂടെ പോവുകയായിരുന്ന അർജുൻ (30) അപകടത്തിൽപ്പെട്ടത്. പൻവേൽ-കന്യാകുമാരി ദേശീയ പാതയിലെ ഷിരൂരിൽ അർജുൻ ഓടിച്ചിരുന്ന ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. സംഭവം നടന്ന ശേഷം വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സൈന്യത്തിന്റെ നേതൃത്വത്തിൽ കരയിലെ മണ്ണ് ഏറെക്കുറെ നീക്കിയെങ്കിലും ലോറിയോ അർജുനെയോ കണ്ടെത്താനായില്ല.

തുടർന്ന് മണ്ണിടിച്ചിലിൽ ലോറി പുഴയിലേക്ക് മറിഞ്ഞിട്ടുണ്ടാകുമെന്ന നിഗമനത്തിൽ തിരച്ചിൽ അവിടേക്ക് കേന്ദ്രീകരിച്ചു. എന്നാൽ ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ പൂർത്തീകരിക്കാനായില്ല. പ്രദേശത്ത് മഴക്ക് അൽപം ശമനം വരികയും ഗംഗാവലി പുഴയിൽ അടിയൊഴുക്ക് കുറയുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്.

Admin
Admin  
Related Articles
Next Story