ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ്; ഇനി ദൂരപരിധിയില്ല, കേരളം മുഴുവൻ കറങ്ങാം

അപകടനിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ടാണ് ഈ തീരുമാനം

ഓട്ടോറിക്ഷകള്‍ക്ക് കേരളം മുഴുവന്‍ സര്‍വീസ് നടത്താന്‍ പെര്‍മിറ്റില്‍ ഇളവ് നല്‍കി സര്‍ക്കാര്‍. ഓട്ടോറിക്ഷ സി.ഐ.ടി.യു യൂണിയന്റെ അപേക്ഷ പരിഗണിച്ച് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. അപകടനിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ടാണ് ഈ തീരുമാനം.

ജില്ലാ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനായിരുന്നു ഓട്ടോറിക്ഷകള്‍ക്ക് ഇതു വരെ പെര്‍മിറ്റ് അനുവദിച്ചിരുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത വാഹനമല്ല ഓട്ടോറിക്ഷയെന്നും സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്നതുമാണ് ഓട്ടോകളെ ജില്ലകളിലും അതിന്റെ പരിധിയിലുമായി നിയന്ത്രിച്ചിരുന്നത്. റോഡുകളില്‍ ഓട്ടോറിക്ഷയ്ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറില്‍ 50 കിലോമീറ്ററാണ്.

‘ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്’ എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റും. പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി റജിസ്ട്രർ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന നിബന്ധനയുമുണ്ട്. ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്.

ട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നു. അതോറിറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് പുതിയ തീരുമാനം.

Admin
Admin  
Related Articles
Next Story