വിവേക് രാമസ്വാമിക്കും ഇലോണ്‍ മസ്‌കിനും ട്രംപ് കാബിനറ്റില്‍ സുപ്രധാന ചുമതല

ജോണ്‍ റാറ്റ്ക്ലിഫ് സിഐഎ മേധാവി

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ കാബിനറ്റ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി, ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് ( ട്വിറ്റര്‍) എന്നിവുടെ മേധാവിയുമായ ഇലോണ്‍ മസ്‌ക് എന്നിവര്‍ കാബിനറ്റില്‍ പ്രധാന പങ്കു വഹിക്കും. പുതുതായി രൂപീകരിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ ചുമതലയാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്.

മസ്‌കും വിവേകും ചേര്‍ന്ന് തന്റെ ഭരണകൂടത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും, അധിക ചെലവുകളും കടുത്ത നിയന്ത്രണങ്ങളും നിയന്ത്രിക്കുമെന്നും ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ കീഴിലെ ഫെഡറല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഇവര്‍ പുനഃക്രമീകരിക്കും. കാര്യക്ഷമമായ ഇടപെടലോടെ അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ മസ്‌കിനും വിവേകിനും കഴിയുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ തലവനായി നാഷണല്‍ ഇന്റലിജന്‍സ് മുന്‍ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫിനെ ട്രംപ് നിയമിച്ചു. ട്രംപിന്റെ അടുത്ത വിശ്വസ്തരിലൊരാളാണ് റാറ്റ്ക്ലിഫ്. റിപ്പബ്ലിക്കന്‍ അംഗവും ഇന്ത്യന്‍ വംശജനുമായ കശ്യപ് പട്ടേല്‍ സിഐഎ മേധാവിയാകുമെന്നാണ് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

ട്രംപിന്റെ മുന്‍ ഉപദേശകനും കാബിനറ്റ് സെക്രട്ടറിയുമായ വില്യം മക്ഗിന്‍ലിയെ വൈറ്റ് ഹൗസ് കൗണ്‍സലായി നിയമിച്ചു. അര്‍ക്കന്‍സാസ് മുന്‍ഗവര്‍ണര്‍ മൈക്ക് ഹക്കബിയെ ഇസ്രായേലിലെ അടുത്ത യുഎസ് അംബാസഡറായി നിയമിച്ചു. സെനറ്റര്‍ മാര്‍ക്കോ റൂബിയോ ആണ് അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറി. പീറ്റ് ഹെഗ്‌സേത്ത് ആണ് പ്രതിരോധ സെക്രട്ടറി. ഫോക്‌സ് ന്യൂസ് അവതാരകനായ ഹെഗ്‌സേത്ത്, അമേരിക്ക ആദ്യം എന്ന നിലപാടിലൂടെ പ്രശസ്തനാണ്. മുന്‍ ഐസിഇ ഡയറക്ടര്‍ ടോം ഹോമന്‍ അതിര്‍ത്തി സുരക്ഷയുടെ ചുമതല വഹിക്കും. സൗത്ത് ഡക്കോട്ട ഗവര്‍ണര്‍ ക്രിസ്റ്റി നോമിനെ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. എലിസ സ്‌റ്റെഫാനികിനെ യുഎന്നിലെ അമേരിക്കന്‍ അംഹാസഡറായി കഴിഞ്ഞദിവസം നിയമിച്ചിരുന്നു.

Related Articles
Next Story