‘തയ്‌വാനിൽനിന്ന് ഹിസ്ബുല്ല വാങ്ങിയത് 5,000 പേജർ; ഓരോന്നിലും മൊസാദ് ഒളിപ്പിച്ചത് 3 ഗ്രാം സ്ഫോടകവസ്തു’ ; പരിക്കേറ്റ ഇറാൻ അംബാസഡറുടെ കണ്ണ് നഷ്ടമായി

ബനനെ ഞെട്ടിച്ച സ്ഫോടനത്തിൽ‌ മാസങ്ങൾക്ക് മുൻപ് ഹിസ്ബുല്ല ഓർഡർ ചെയ്ത 5,000 തയ്‌വാൻ നിർമിത പേജറുകളിൽ ഇസ്രയേലിന്റെ ചാര ഏജൻസിയായ മൊസാദ് ചെറിയ അളവിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചതായി വിവരം. ലബനനിലുടനീളം ആയിരക്കണക്കിന് പേജറുകളാണ് പൊട്ടിത്തെറിച്ചത്. 9 പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ലബനനിൽ പേജർ സ്ഫോടനങ്ങളിൽ പരുക്കേറ്റവരെ എത്തിച്ച ബെയ്റൂട്ടിലെ അമേരിക്കൻ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിനു മുൻപിൽ പരിഭ്രാന്തരായി തടിച്ചുകൂടിയ ജനം. ചിത്രം: എഎഫ്പി

തയ്‌വാൻ ആസ്ഥാനമായുള്ള ഗോൾഡ് അപ്പോളോ നിർമിച്ച 5,000 പേജറുകളാണ് ഹിസ്ബുല്ല ഗ്രൂപ്പ് ഓർഡർ ചെയ്തത്. ഈ വർ‌ഷം ആദ്യം തന്നെ ഇത് ലബനനിൽ എത്തിച്ചിരുന്നു. തായ്‌പേയ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ബ്രാൻഡ് ഉപയോഗിക്കാൻ അവകാശമുള്ള യൂറോപ്പിലെ ഒരു കമ്പനിയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ച പേജറുകൾ നിർമിച്ചതെന്ന് ഗോൾഡ് അപ്പോളോ സ്ഥാപകൻ ഹ്സു ചിങ്- കുവാങ് പറഞ്ഞു. ‘‘ഉൽപന്നം ഞങ്ങളുടേതല്ല. അതിൽ ഞങ്ങളുടെ ബ്രാൻഡ് ഉണ്ടായിരുന്നു എന്നു മാത്രം’’– ഉപകരണങ്ങൾ നിർമിച്ച കമ്പനിയുടെ പേര് പറയാതെ അദ്ദേഹം പ്രതികരിച്ചു.

ഇസ്രയേലിന്റെ ലൊക്കേഷൻ ട്രാക്കിങ്ങിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹിസ്ബുല്ല പോരാളികൾ ആശയവിനിമയത്തിനുള്ള കുറഞ്ഞ സാങ്കേതിക മാർഗമായ പേജറുകൾ ഉപയോഗിക്കുന്നത്

. ‘‘മൊസാദ് പേജറുകൾക്കുള്ളിൽ ഒരു ബോർഡ് കുത്തിവച്ചിട്ടുണ്ട്. അതിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നു. ഇത് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഏതെങ്കിലും ഉപകരണമോ സ്കാനറോ ഉപയോഗിച്ച് പോലും കണ്ടെത്താനാകില്ല’’

വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സ്ഫോടകവസ്തുക്കൾ സജീവമാക്കാൻ കോഡ് ചെയ്ത സന്ദേശം അയച്ചപ്പോഴാണ് മൂവായിരം പേജറുകൾ പൊട്ടിത്തെറിച്ചത് എന്നാണു സൂചന.

പുതിയ പേജറുകളിൽ 3 ഗ്രാം വരെ സ്‌ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. മാസങ്ങളോളം ഹിസ്ബുല്ല ഗ്രൂപ്പിനു ഇത് കണ്ടെത്താൻ സാധിച്ചില്ല. ഹിസ്ബുല്ല നേരിടുന്ന ഏറ്റവും വലിയ ഇന്റലിജൻസ് പരാജയമായിരിക്കും ഇതെന്ന് യുഎസ് സർക്കാരിന്റെ മിഡിൽ ഈസ്റ്റിലെ മുൻ ഡെപ്യൂട്ടി നാഷണൽ ഇന്റലിജൻസ് ഓഫിസർ ജോനാഥൻ പാനിക്കോഫ് പറഞ്ഞു.

ഫെബ്രുവരിയിൽ ഇന്റലിജൻസ് തലത്തിലെ വിടവുകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് ഹിസ്ബുല്ല പദ്ധതി തയാറാക്കിയിരുന്നു. ഫോണുകൾ ഇസ്രയേലി ചാരന്മാരേക്കാൾ അപകടകരമാണെന്നും അവ തകർക്കുകയോ കുഴിച്ചിടുകയോ ഇരുമ്പുപെട്ടിയിൽ പൂട്ടുകയോ ചെയ്യണമെന്ന് ഫെബ്രുവരി 13ന് ടെലിവിഷൻ പ്രസംഗത്തിൽ ഹിസ്ബുല്ല ഗ്രൂപ്പ് സെക്രട്ടറി ജനറൽ ഹസൻ നസ്‌റല്ല കർശനമായി താക്കീത് ചെയ്തിരുന്നു. ഇതിനുപകരമായാണ് പേജറുകൾ‌ വിതരണം ചെയ്തത്.


സംഭവത്തിൽ പരിക്കേറ്റ ഇറാൻ അംബാസഡർ മുജ്തബ അമിനിയുടെ ഒരു കണ്ണ് നഷ്ടമായതായും മറ്റൊരു കണ്ണിന് സാരമായി പരിക്കേറ്റതായും ന്യൂയോർക്ക് ടൈംസ് റി​പ്പോർട്ട് ചെയ്തു.

“പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഏകദേശം 10 സെക്കൻഡ് നേരം പേജറുകൾ ബീപ്പ് ചെയ്‌തിരുന്നു. സാധാരണ മെസേജ് വരുമ്പോ​ഴുള്ള ശബ്ദമാണിത്. മെസേജാണെന്ന് കരുതി പലരും വായിക്കാൻ മുഖത്തോട് ചേർത്തുപിടിച്ചപ്പോഴാണ് സ്ഫോടനം നടന്നത്. അതുകൊണ്ട് തന്നെ കണ്ണിന് പലർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്” -റി​പ്പോർട്ടിൽ പറയുന്നു.


Related Articles
Next Story