നന്ദിയില്ലാത്തവരാണ് പലസ്തീനികള്‍: അഭയാര്‍ത്ഥികള്‍ക്കുള്ള സഹായ ഫണ്ട് അമേരിക്ക നിര്‍ത്തി
ജറുസലേം: പലസ്തീനിലെ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ സഹായ സംഘത്തിനുള്ള ഫണ്ട് അമേരിക്ക പൂര്‍ണമായും നിര്‍ത്തി വയ്ക്കുന്നതായി റിപ്പോര്‍ട്ട്. പലസ്തീനിലെ അഭയാര്‍ഥികളെ സഹായിക്കാനായി ഐക്യരാഷ്ട്ര സഭക്കു കീഴിലുള്ള യു എന്‍…
ജറുസലേം: പലസ്തീനിലെ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ സഹായ സംഘത്തിനുള്ള ഫണ്ട് അമേരിക്ക പൂര്‍ണമായും നിര്‍ത്തി വയ്ക്കുന്നതായി റിപ്പോര്‍ട്ട്. പലസ്തീനിലെ അഭയാര്‍ഥികളെ സഹായിക്കാനായി ഐക്യരാഷ്ട്ര സഭക്കു കീഴിലുള്ള യു എന്‍ ആര്‍ ഡബ്ലുഎയ്ക്കുള്ള ഫണ്ടാണ് അമേരിക്ക നിര്‍ത്തലാക്കുന്നത്.
യു എന്‍ ആര്‍ ഡബ്ലുഎയ്ക്കുള്ള ഫണ്ട് അമേരിക്ക പൂര്‍ണമായും നിര്‍ത്തുന്നതായി അമേരിക്കയിലെ ഫോറിന്‍ പോളിസി മാഗസിനാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ജനുവരിയില്‍ തന്നെ പലസ്തീനിലെ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരുന്ന 125 മില്യന്‍ ഡോളറില്‍ നിന്ന് 65 മില്യന്‍ ഡോളര്‍ വെട്ടിക്കുറക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
അമേരിക്ക ചെയ്യുന്ന സഹായങ്ങള്‍ക്ക് നന്ദിയില്ലാത്തവരാണ് പലസ്തീനികള്‍ എന്നു പറഞ്ഞായിരുന്നു ട്രംപ് നടപടിയെടുത്തിരിക്കുന്നത്. യു എന്‍ ആര്‍ ഡബ്ലുഎയുടെ പ്രവര്‍ത്തനങ്ങളെ പൊളിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ട്രംപിന്റെ പ്രധാന ഉപദേശകനായ ജയേഡ് കഷ്‌നര്‍ പറയുന്ന വിവരമാണ് ഫോറിന്‍ പോളിസി മാഗസിന്‍ പുറത്തുവിട്ടത്. ജയേഡ് കഷ്‌നറിന്റെ ഇ മെയില്‍ സന്ദേശം ചോര്‍ന്നു കിട്ടിയതാണ് മാഗസിന്‍ വാര്‍ത്തയാക്കിയത്.
ഇതോടൊപ്പം അമേരിക്കന്‍ കോണ്‍ഗ്രസില്‍ പലസ്തീനുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കാനുള്ള ബില്ലുകള്‍ പാസാക്കാന്‍ ട്രംപ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെ സഹായം നിലച്ചതോടെ പലസ്തീനിലെ യു എന്‍ ആര്‍ ഡബ്ലുഎയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിട്ടുണ്ട്. ഫോറിന്‍ പോളിസി മാഗസിന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.