ട്രംപിന്റെ നാടുകടത്തല്‍ ഭീഷണി; 18,000 ഇന്ത്യക്കാരും ആശങ്കയില്‍ !

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തിലിനായരിക്കും താന്‍ നേതൃത്വം കൊടുക്കുക എന്ന് ട്രംപ് തെരഞ്ഞെടുപ്പു പ്രചാരണവേളയിലും വിജയത്തിനുശേഷവും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു

Update: 2024-12-16 10:56 GMT

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിന്റെ ചുമതലയേറ്റാലുടന്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുകയായിരിക്കും എന്ന നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയില്‍ 18,000 ത്തോളം ഇന്ത്യക്കാരും ആശങ്കയില്‍.


അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തിലിനായരിക്കും താന്‍ നേതൃത്വം കൊടുക്കുക എന്ന് ട്രംപ് തെരഞ്ഞെടുപ്പു പ്രചാരണവേളയിലും വിജയത്തിനുശേഷവും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

നാടുകടത്തലിനുള്ള മുന്നോടിയായി യുഎസില്‍ അനധികൃതമായി കഴിയുന്നവരുടെ പട്ടിക യു.എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ് മെന്റ്(ഐ.സി.ഇ.) നവംബറില്‍ പുറത്തുവിട്ടിരുന്നു. ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടികയാണ് പുറത്തുവിട്ടത്. അതില്‍ 17,940 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. കൂടുതലും ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍. ഇവരെ ഇന്ത്യയിലേക്ക് തിരികെ അയച്ചേക്കുമെന്നാണ് സൂചന. തങ്ങളുടെ പൗരരെന്ന് വിശ്വസിക്കപ്പെടുന്നവരെ സ്വീകരിക്കാന്‍ വിദേശസര്‍ക്കാരുകള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.സി.ഇ. പറഞ്ഞു.

പുറത്താക്കപ്പെടുന്ന സ്വന്തം പൗരന്മാരെ സ്വീകരിക്കുന്നതിനുള്ള നടപടികളുടെ ഏകോപനത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി ഐ.സി.ഇ. ഇന്ത്യയെ 'സഹകരിക്കാത്തവരുടെ' വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്. മടങ്ങിയെത്തുന്ന പൗരരെ സ്വീകരിക്കുന്നകാര്യത്തില്‍ രാജ്യങ്ങള്‍ കാണിക്കുന്ന നിസ്സഹകരണം അടിസ്ഥാനമാക്കിയാണ് ഈ തരംതിരിവ്. നിലവില്‍ ഇന്ത്യ, പാകിസ്താന്‍, ഭൂട്ടാന്‍, ചൈന, റഷ്യ, ഇറാന്‍ തുടങ്ങി 15 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. കഴിഞ്ഞ ദിവസം ടൈം മാഗസിന്റെ 'പേഴ്സണ്‍ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടതിനുപിന്നാലെ നല്‍കിയ അഭിമുഖത്തില്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കാന്‍ സൈന്യത്തെയും മറ്റ് ആഭ്യന്തരസുരക്ഷാ ഏജന്‍സികളെയും ഉപയോഗിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചിരുന്നു.

മതിയായ രേഖകളില്ലാതെ രാജ്യത്തുകഴിയുന്ന നൂറോളം ഇന്ത്യക്കാരെ കഴിഞ്ഞ ഒക്ടോബറില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ യു.എസ്. തിരിച്ചയച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ 2023-24 സാമ്പത്തികവര്‍ഷം 1100-ഓളം പേരെ നാടുകടത്തിയെന്നാണ് യു.എസ്. ആഭ്യന്തരസുരക്ഷാവകുപ്പ് പറയുന്നത്. അക്കാലയളവില്‍ 145 രാജ്യങ്ങളില്‍നിന്നുള്ള 1.6 ലക്ഷം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചെന്നും അതിനായി 495 അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നടത്തിയെന്നും പറയുന്നു.

അതേസമയം, പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍നിന്നുള്ള 7.25 ലക്ഷം നിയമവിരുദ്ധകുടിയേറ്റക്കാര്‍ യു.എസിലുണ്ട്. മെക്‌സിക്കോയ്ക്കും എല്‍ സാല്‍വദോറിനുംശേഷം യു.എസിലെ നിയമവിരുദ്ധകുടിയേറ്റകാര്യത്തില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ എന്നാണ് അവരുടെ കണക്ക്. കഴിഞ്ഞ മൂന്ന് സാമ്പത്തികവര്‍ഷത്തിനിടെ അതിര്‍ത്തിവഴി യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് 90,000 ഇന്ത്യക്കാര്‍ അറസ്റ്റിലായി.

Tags:    

Similar News