പ്രളയക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍പോയ മാധ്യമ സംഘം ഒറ്റപ്പെട്ടു
തിരുവനന്തപുരം: പ്രളയക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍പോയ മാധ്യമ സംഘം ഒറ്റപ്പെട്ടു. കനത്ത മഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുള്ള ചെറുതോണി മേഖലയിലെ ഒരു ലോഡ്ജിന്റെ ടെറസിലാണ് അവര്‍ തമ്ബടിച്ചിരിക്കുന്നത്. ഇരുപതോളംപേരുള്ള സംഘത്തിന്…
തിരുവനന്തപുരം: പ്രളയക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍പോയ മാധ്യമ സംഘം ഒറ്റപ്പെട്ടു. കനത്ത മഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുള്ള ചെറുതോണി മേഖലയിലെ ഒരു ലോഡ്ജിന്റെ ടെറസിലാണ് അവര്‍ തമ്ബടിച്ചിരിക്കുന്നത്. ഇരുപതോളംപേരുള്ള സംഘത്തിന് മതിയായ ഭക്ഷണം പോലും കിട്ടുന്നില്ല. മൊബൈല്‍ ഫോണിനും മറ്റും റേഞ്ച്് ഇല്ലാത്തതിനാല്‍ വിവരങ്ങള്‍ പുറംലോകത്തെ അറിയിക്കാനാവുന്നില്ല. എഷ്യാനെറ്റും മനോരമയും അടക്കമുള്ള പ്രമുഖ ചാനലുകളിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇങ്ങനെ കുടുങ്ങിക്കിടക്കുന്നവരിലുണ്ട്. പലതവണ അഭ്യര്‍ത്ഥിച്ചിട്ടും രക്ഷാപ്രവര്‍ത്തകര്‍ ഇവരുടെയടുത്ത് എത്തിയിട്ടില്ല.
കുടുങ്ങിക്കിടക്കുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ഇട്ട പോസ്ററ് ഇങ്ങനെയാണ്
ഒരു വശത്ത് അണപൊട്ടിയൊഴുകുന്ന ജലപ്രവാഹം,തീരാമഴ. മറുവശത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വാഴത്തോപ്പിലും മണ്ണിടിച്ചിലുണ്ടായി.വാഹനങ്ങള്‍ ഇന്ധന മടിക്കാന്‍ തടിയമ്ബാട്ടെ പമ്ബിലേക്കു പോയപ്പോള്‍ ഒരു വണ്ടി ഉരുളില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ താമസിച്ച ഷിക്കാര ഹോട്ടലിന്റെ ഉടമയും കുടുംബവും മുറികളുടെ താക്കോല്‍ ഞങ്ങളെയേല്‍പ്പിച്ച് മടങ്ങി. മൊബൈല്‍ റേഞ്ച് കാറ്റില്‍ ഇടയ്ക്കിടെ വന്നു പോകും. ഹോട്ടലിന്റെ റൂഫ് ടോപ്പിലാണ് തമ്ബടിച്ചിരിക്കുന്നത്. ഒ.ബി.വാനുകളുടെ സുരക്ഷയെ കരുതി ചിലര്‍ വാഹനങ്ങളിലും തങ്ങുന്നു. ആശയ വിനിമയത്തിന് ഒരു സാധ്യതയുമില്ലാത്തതിനാലാണ് ഇടുക്കിയില്‍ നിന്ന് വാര്‍ത്തകളും സ്റ്റാറ്റസ് അപ്ഡേഷനുമില്ലാത്തത്.രണ്ടു ദിവസം കൂടി ഇന്നുച്ചയ്ക്ക് ഇത്തിരി കഞ്ഞി കിട്ടി, എല്ലാവരും വീതിച്ചെടുത്തു. വൈകിട്ടത്തേക്ക് ഒന്നുമില്ല. ഇതിനിടയ്ക്ക് വാഴത്തോപ്പിലെ കെ.എസ്.ഇ.ബി ഐ.ബി യില്‍ ചെന്നെങ്കിലും സ്ഥലമില്ലെന്നറിയിച്ചതിനാല്‍ പോയവര്‍ മടങ്ങി വന്നു. ഇടയ്ക്കിടെ ചായയും ഉച്ചയ്ക്ക് കഞ്ഞിയും നല്‍കിയ ചെറുതോണിയിലെ വട്ടപ്പാറയില്‍ വീട്ടുകാര്‍ക്ക് നന്ദി. കാറ്റ് കനിഞ്ഞു റേഞ്ചെത്തിയാല്‍ വാര്‍ത്തകള്‍ ഇനിയും മലയിറങ്ങി നിങ്ങളിലേക്കെത്തും. ഇപ്പോഴും ഉറപ്പു തരുന്നു ,ജലനിരപ്പ് താഴും വരെ ഞങ്ങളിവിടുണ്ടാവും