കോടികളുടെ കടബാധ്യത: അനില്‍ അംബാനിയുടെ സ്വത്തുകള്‍ മുകേഷ് അംബാനിക്ക് കൈമാറുന്നു

മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഫൈബര്‍ നെറ്റ് വര്‍ക്കും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും മുകേഷ് അംബാനിയുടെ ജിയോക്ക് കൈമാറുന്നു. കൈമാറലിനെ സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും…

By :  Editor
Update: 2018-08-27 05:54 GMT

മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഫൈബര്‍ നെറ്റ് വര്‍ക്കും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും മുകേഷ് അംബാനിയുടെ ജിയോക്ക് കൈമാറുന്നു. കൈമാറലിനെ സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ അറിയിച്ചു.

30,000 കോടി രൂപയുടേതാണ് ഈ ഡീലെന്ന് കമ്മ്യൂണിക്കേഷന്‍ വ്യക്തമാക്കി. ഇതോടെ 178,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫൈബര്‍ നെറ്റ് വര്‍ക് ജിയോയ്ക്ക് സ്വന്തമാകുന്നു. ഇതിനു പുറമെ വയര്‍ലെസ് സ്‌പെക്ട്രം, ടവറുകള്‍ തുടങ്ങിയവയും ജിയോയുടെതാകും. 43,000 മൊബൈല്‍ ടവറുകള്‍ ഉള്‍പ്പെടെയാണ് ജിയോയ്ക്ക് സ്വന്തമാകുന്നത്.

നേരത്തെ വന്‍ കടബാധ്യതയിലേക്ക് നീങ്ങിയ അനില്‍ അംബാനി ബാധ്യതകള്‍ കുറക്കുന്നതിനാണ് ഈ വില്‍പന നടത്തിയത്. 50,000 കോടി രൂപയുടെ കടമാണ് അനില്‍ അംബാനിക്കുള്ളത്. ഇതോടെ ടെലി കമ്മ്യൂണിക്കേഷന്‍ രംഗത്ത് നിന്ന് അനില്‍ അംബാനി ഏറെക്കുറെ പിന്‍വാങ്ങുന്നു എന്ന് പറയാം. പന്ത്രണ്ട് വര്‍ഷം മുന്‍പാണ് അനില്‍ അംബാനി ഈ രംഗത്തേക്ക് കടക്കുന്നത്.

അന്ന്, പത്തു വര്‍ഷത്തേക്ക് ചേട്ടന്‍ ഈ മേഖലയില്‍ മുതല്‍ മുടക്കില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു എന്ന് അനില്‍ അംബാനി പറഞ്ഞു. കൃത്യം പത്തു വര്‍ഷം കഴിഞ്ഞാണ് മുകേഷ് അംബാനി ജിയോയുമായി എത്തുന്നത്. ജിയോ വന്‍ ഓഫറുകളുമായി മാര്‍ക്കറ്റ് കീഴടക്കിയപ്പോള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് പരാജയമായി മാറുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് സ്വത്തുക്കള്‍ വില്‍ക്കാന്‍ കഴിഞ്ഞ വര്‍ഷം ധാരണയിലെത്തിയത്.

Similar News