ഒറ്റചാര്‍ജില്‍ 682 കിലോമീറ്റര്‍, ബാറ്ററി 20 മിനിറ്റില്‍ ഫുള്‍; മഹീന്ദ്രയുടെ ഇലക്ട്രിക് എസ് യുവികള്‍ നിരത്തിലേക്ക്
ഇലക്ട്രിക് വാഹന നിരയിലേക്ക് രണ്ട് പുതിയ വാഹനങ്ങള്‍ കൂടി അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര. ബിഇ, എക്‌സ്ഇവി ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ കൂപ്പെ ഡിസൈനിലുള്ള BE 6e, XEV 9e എന്നി മോഡലുകളാണ് പുറത്തിറക്കിയത്. 'ഹാര്‍ട്ട്കോര്‍ ഡിസൈന്‍' ഭാഷയായ BE 6eയ്ക്ക് 18.90 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) പ്രാരംഭ വില. ഫ്രെബുവരി, മാര്‍ച്ച് മാസത്തോടെ ഇവയുടെ ഡെലിവറി ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
മഹീന്ദ്ര XEV 9ല്‍ ഒരു ത്രികോണ LED ഹെഡ്ലാമ്പ് കോണ്‍ഫിഗറേഷന്‍ ഉണ്ടായിരിക്കും. മഹീന്ദ്ര BE 6e ഒരു സമകാലിക ഡിസൈന്‍ ഫിലോസഫിയോടെയാണ് വരുന്നത്. C ആകൃതിയിലുള്ള LED DRL-കള്‍, സ്ലീക്ക് ബമ്പര്‍ എന്നിവയാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍. എയറോഡൈനാമിക് കാര്യക്ഷമത ഉറപ്പാക്കാന്‍ ഒരു ഹുഡ് സ്‌കൂപ്പും ഇതിലുണ്ട്. എയറോഡൈനാമിക്കായി ഒപ്റ്റിമൈസ് ചെയ്ത 20 ഇഞ്ച് വീലുകളുമായാണ് എസ്യുവി വരുന്നത്.
മഹീന്ദ്ര XEV 9e, BE 6e എന്നിവ ഡ്രൈവര്‍ കേന്ദ്രീകരിച്ചുള്ള കാബിനുകളോടെയാണ് വരുന്നത്. മഹീന്ദ്രയുടെ Adrenox സോഫ്റ്റ്വെയര്‍ നല്‍കുന്ന മൂന്ന് 12.3 ഇഞ്ച് ഡിസ്പ്ലേകള്‍ സംയോജിപ്പിക്കുന്ന ട്രിപ്പിള്‍ സ്‌ക്രീന്‍ സജ്ജീകരണമാണ് XEV 9eയുടെ കാബിനിലെ ഹൈലൈറ്റ്. BE 6eനില്‍ സ്‌ക്രീനുകളുടെ എണ്ണം രണ്ടാണ്. രണ്ടും ഒരേ വലുപ്പത്തിലുള്ളതാണ്. XEV 9e വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, ADAS സ്യൂട്ട് എന്നിവയോടെയാണ് വിപണിയില്‍ എത്തുക. 16 സ്പീക്കറുകളുള്ള ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റമാണ് ഈ എസ്യുവികളുടെ കാബിനിലെ മറ്റൊരു പ്രധാന സവിശേഷത.
18.90 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) BE 6eന്റെ പ്രാരംഭവില. 682 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 59 കിലോവാട്ടിന്റെയും 79 കിലോവാട്ടിന്റെയും രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകും. പവര്‍ കണക്കുകള്‍ 228 ബിഎച്ച്പിക്കും 281 ബിഎച്ച്പിക്കും ഇടയിലായിരിക്കും. 175kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളില്‍ ബാറ്ററി 20% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം. റേഞ്ച്, എവരിഡേ, റേസ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ടാകും. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയാണ് മഹീന്ദ്ര നല്‍കുന്നത്.
21.90 ലക്ഷം രൂപ മുതലാണ് XEV 9eയുടെ വില ആരംഭിക്കുന്നത്. BE 6e നേക്കാള്‍ വലിയ വാഹനമാണിത്. 59, 79 കലോവാട്ടിന്റെ ലിഥിയം അയണ്‍ ഫോസ്ഫേറ്റ് ബാറ്ററിയാണ് ഇതിലുമുള്ളത്. ഈ ബാറ്ററികള്‍ക്കും ലൈഫ് ടൈം വാറന്റി ലഭിക്കും. 656 കിലോമീറ്ററാണ് പരമാവധി റേഞ്ച്.